ചേർത്തല : അമിത ഭാരം കയറ്റി ദേശീയപാതയിലൂടെ പായുന്ന തടി ലോറികൾ ഭീഷണിയാകുന്നു. .രാത്രി കാലങ്ങളിലാണ് ഇത്തരം ലോറികളുടെ സഞ്ചാരം. അപകട സൂചകം പതിപ്പിക്കണമെന്ന നിർദ്ദേശം പാലിക്കാതെയാണ് മിക്കലോറികളും സഞ്ചരിക്കുന്നത്.
രാത്രിയിൽ തൊട്ടടുത്ത് എത്തുമ്പോഴാണ് ഇത്തരം വാഹനങ്ങൾ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ലോറിയുടെ ഇരുവശങ്ങളിലും തടി നീണ്ടു നിൽക്കുന്നതിനാൽ ലോറി ഡ്രൈവർക്ക് പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാനും കഴിയില്ല. യാത്ര അർദ്ധരാത്രിയിലേയ്ക്ക് നീട്ടുന്നതിനായി ദേശീയപാതയോരത്ത് തടിലോറികൾ പാർക്ക് ചെയ്യുന്നതും അപകടം വരുത്തി വയ്ക്കുന്നു.
റോഡിന്റെ വശങ്ങൾ താഴ്ന്ന് നിൽക്കുന്നതും വഴിവിളക്കുകൾ തെളിയാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുപ്പോഴും പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന കർശനമാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.കേരളത്തിന്റെ തെക്കൻ ഭാഗങ്ങൾ.തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് പെരുമ്പാവൂരിലെ വ്യവസായ മേഖലയിലേയ്ക്കാണ് തടിയുമായി ലോറികൾ നീങ്ങുന്നത്.ഇതിന് പിന്നിൽ വൻ ലോബിയുണ്ടെന്നാണ് വിവരം.തടികയറ്റി വരുന്ന ലോറികളിൽ ഭൂരിഭാഗവും കാലപ്പഴക്കമേറിയവയുമാണ്.ഗതാഗത തിരക്കേറിയ ദേശീയ പാതയിലൂടെ തിരുവനന്തപുരം മുതൽ എറണാകുളം വരെ രാത്രികാലങ്ങളിൽ അമിതഭാരം കയറ്റിയ വാഹനങ്ങൾ നിരനിരയായി കടന്നു പോയിട്ടും ഭരണസംവിധാനങ്ങൾ നോക്കുകുത്തിയാകുന്നത് വ്യാപക പ്രതിഷേധമുയർത്തുന്നു.
തിരുവിഴയിൽ ഇന്നലെ പുലർച്ചെ 7 വയസുകാരന്റെ മരണത്തിന് ഇടയാക്കിയതും തടിലോറിയായിരുന്നു.കാറിൽ ലോറിയിടിച്ചായിരുന്നു അപകടം.ചെന്നൈയിൽ താമസിക്കുന്ന കാഞ്ഞിരപ്പള്ളി കിഴക്കേ തലയ്ക്ക്ൽ തോമസ് ജോർജ്ജിന്റെ മകൻ ജോഹൻ(7)ആണ് മരിച്ചത്.