ambala

അമ്പലപ്പുഴ : അക്രമി സംഘം കൊന്നു കടലിൽ കെട്ടിത്താഴ്ത്തിയ മനു ആക്രമണത്തിനിരയായത് സഹോദരിയുടെ വീട്ടിലെത്തി മടങ്ങുന്നതിനിടെ. അമ്പനാകുളങ്ങരയിൽ താമസിക്കുന്ന മനു കഴിഞ്ഞ 19 ന് ഉച്ചയോടെയാണ് ഏക സഹോദരി മഞ്ജുവിനെയും, ഭർത്താവ് ജയനെയും കാണാൻ പറവൂരിലെത്തിയത്. ഊണിനുശേഷം രാത്രിയോടെയാണ് ഇവിടെ നിന്ന് യാത്രയായത്

പറവൂർ ജംഗ്ഷനിലെത്തിയ മനു ബൈക്ക് റോഡരികിൽ വച്ചിട്ട് സമീപത്തെ ബാറിൽ മദ്യപിക്കാനായി കയറി. ഇവിടെ വച്ച് മനുവും പ്രതികളുമായി വാക്കേറ്റമുണ്ടായി. തുടർന്ന് ഇവർ മനുവിനെ പിടിച്ചു തളളി ദേശീയ പാതയുടെ പടിഞ്ഞാറു ഭാഗത്ത് എത്തിച്ചു. രാത്രി 10 ഓടെ ആയിരുന്നു സംഭവം. ശക്തമായ മഴ പെയ്തതിനാൽ റോഡ് വിജനമായിരുന്നു. 4 പ്രതികളും കൂടി മനുവിനെ മർദ്ദിച്ചവശനാക്കിയ ശേഷം സമീപത്തു കിടന്നിരുന്ന ഇഷ്ടിക ഉപയോഗിച്ച് തലക്കടിച്ചു.പൊട്ടിയ ബിയർ കുപ്പികളും ഇവിടെ കിടപ്പുണ്ട്. മരണം ഉറപ്പാക്കിയ ശേഷം ഒളിവിലുള്ള ലൈറ്റ് എന്നു വിളിക്കുന്ന വിപിനും, ഓമനക്കുട്ടനും ചേർന്ന് മനുവിനെ വെള്ള ആക്ടീവ സ്കൂട്ടറിൽ ഇരുത്തി പറവൂർ പടിഞ്ഞാറ് കടലിൽ കൊണ്ടിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അടുത്ത ദിവസം സംഭവം നടന്നതിനു സമീപത്തെ തട്ടുകടയിൽ ചായ കുടിക്കാനായി മനുവിന്റെ സഹോദരീഭർത്താവ് ജയൻ എത്തിയപ്പോൾ ഒരു മൊബൈൽ ഫോൺ ഇവിടെ നിന്നു കിട്ടിയെന്ന് തട്ടുകടക്കാരൻ പറഞ്ഞു. ജയൻ മൊബൈൽ വാങ്ങി നോക്കിയപ്പോൾ മനുവിന്റേതാണെന്ന് മനസിലാക്കി. ഉടൻ തന്നെ ജയൻ മനുവും മാതാപിതാക്കളും ഇപ്പോൾ താമസിക്കുന്ന അമ്പനാ കുളങ്ങര മാച്ചനാട് കോളനിയിൽ എത്തി പിതാവ് മനോഹരനുമായി സംസാരിച്ചപ്പോഴാണ് മനു രാത്രിയിൽ വീട്ടിൽ എത്തിയിട്ടില്ലെന്ന് മനസ്സിലായത്. ഉടൻ തന്നെ മനോഹരൻ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലും, പിന്നീട് പുന്നപ്ര പൊലീസ് സ്റ്റേഷനിലും മകനെ കാണാനില്ലെന്ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും പ്രതികൾ കുടുങ്ങിയതും.