അരൂർ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്രകൾ നാടിനെ ഭക്തിലഹരിയിലാഴ്ത്തി. വർണ്ണ ശബളമായ ഘോഷയാത്രയിൽ കൃഷ്ണ ,ഗോപികാ വേഷധാരികളായ നൂറ് കണക്കിന് കുട്ടികൾ പങ്കാളികളായി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ചന്തിരൂർ പത്മപുരം ക്ഷേത്രം, ചന്തിരൂർ ദൈവവെളി ക്ഷേത്രം എന്നിവിടങ്ങളിലെ ശോഭായാത്രകൾ സംഗമിച്ച് മഹാശോഭയാത്രയായി ചന്തിരൂർ പള്ളിയിൽ ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. അരൂർ ചിതേലിൽ ക്ഷേത്രം, പള്ളിയറക്കാവ് ക്ഷേത്രം , വട്ടക്കേരിൽ ക്ഷേത്രം, കെൽട്രോൺ ശ്രീധർമ്മശാസ്താ ക്ഷേത്രം, അമ്മനേഴം ഭവാനീശ്വര ക്ഷേത്രം, പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, നടയ്ക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവി ടങ്ങളിൽ നിന്ന് എത്തിയ ശോഭായാത്രകൾ അരൂർ ബൈപാസ് ജംഗ്ഷനിൽ ഒത്തുചേർന്നു മഹാശോഭയാത്രയായി അരൂർ പാവുമ്പായിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു .എരമല്ലൂർ കോലത്തുശ്ശേരി ശ്രീകൃഷ്ണണസ്വാമി ക്ഷേത്രത്തിൽ നിന്നും കാഞ്ഞിരത്തിങ്കൽ ദേവി ക്ഷേത്രത്തിൽ നിന്നും എത്തിയ ശോഭായാത്രകൾ സംഗമിച്ച് പൈങ്ങാകുളം പാർത്ഥസാരഥി ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ഉറിയടി ,ഭജന ,പ്രസാദ വിതരണവും എന്നിവ നടന്നു .