മർദ്ദിച്ചയാൾ ആത്മഹത്യ ചെയ്തു
മാരാരിക്കുളം : ഷാപ്പിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടയിൽ അടിയേറ്റ് അബോധാവസ്ഥയിലായി ചികിത്സയിലായിരുന്നയാൾ മരിച്ചു. ആര്യാട് ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കാട്ടുങ്കൽ വീട്ടിൽ നടേശന്റെ മകൻ സുരേഷ് (41)ആണ് മരിച്ചത്. സുരേഷിനെ മർദ്ദിച്ച ആര്യാട് പഞ്ചായത്ത് 18ാം വാർഡിൽ ചാപ്രയിൽ ജോസ് (എമലി - 52) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.
കഴിഞ്ഞ 18 ന് വൈകിട്ട് 3ന് പാതിരപ്പള്ളി ജംഗ്ഷന് കിഴക്കുള്ള ഷാപ്പിൽ വച്ചാണ് സുരേഷും ജോസും തമ്മിൽ തർക്കമുണ്ടായത്. സുരേഷിന്റെ കറി ജോസ് എടുത്തതാണ് തർക്കത്തിനിടയാക്കിയത്. വാക്കുതർക്കം അടിയിൽ കലാശിച്ചു. ഷാപ്പിൻെറ പുറത്തേക്കിറങ്ങിയ സുരേഷിനെ ജോസ് പിന്നിലൂടെ വന്ന് പിടിച്ച് തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷാപ്പിനു വെളിയിൽ വീണ സുരേഷ് രാത്രി വൈകും വരെ അവിടെ കിടന്നു. മദ്യപിച്ച് ബോധരഹിതനായി കിടക്കുകയാണെന്നാണ് ബന്ധുക്കളോട് ഷാപ്പുകാർ പറഞ്ഞത്. ബന്ധുക്കൾ വീട്ടിൽ കൊണ്ടുവന്ന സുരേഷിന് അടുത്ത ദിവസവും ബോധം വീഴാതായപ്പോൾ ജനറൽ ആശുപത്രിയിലെത്തിക്കുകയും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് മരിച്ചത്.വിവാഹ ബന്ധം വേർപ്പെടുത്തിയ സുരേഷ് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം.മാതാവ്:സുധർമ്മ.
ജോസിനെ കഴിഞ്ഞ 21നാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സുരേഷ് മരിച്ചെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജോസ് ജീവനൊടുക്കിയതെന്നാണ് സംശയം.
സംസ്കാരം ഇന്ന് രാവിലെ 11 ന് ആലപ്പുഴ മൗണ്ട് ദേവാലയ സെമിത്തേരിയിൽ . അമ്മ: ത്രേസ്യാമ്മ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ് സിജോ, ജിജോ. ആലപ്പുഴ നോർത്ത്പൊലീസ് കേസെടുത്തു.