a

മാവേലിക്കര : നേപ്പാൾ സ്വദേശികളായ സഹോദരങ്ങളുടെ മക്കൾ കുളത്തിൽ മുങ്ങി മരിച്ചു. നേപ്പാൾ ബഗ്ലു ജില്ലയിൽ ജെയ്മി നഗർ ഗണേശ് - ഗീത ദമ്പതികളുടെ മകൻ ജീവൻ (5), ഗണേശിന്റെ സഹോദരൻ രാമുവിന്റെയും രമുനയുടെയും മകൻ അർജുൻ (6) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ ചെട്ടികുളങ്ങര ഈരേഴ തെക്ക് കീർത്തനം വീട്ടിലെ കുളത്തിലാണ് കുട്ടികൾ വീണത്. വീടിന്റെ ഉടമ കുടുംബസമേതം വിദേശത്താണ്. ഗണേശിനെയാണ് വീട് നോക്കാൻ ഏൽപിച്ചിരുന്നത്. തൊട്ടടുത്ത വീടായ ഈരേഴ തെക്ക് പ്രശാന്തിയിലാണ് രാമു താമസിക്കുന്നത്. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ വീടിന് മുൻവശത്തെ ആഴമുള്ള കുളത്തലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും കുളത്തിൽ നിന്ന് പുറത്തെടുത്ത് തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈത തെക്ക് എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അർജുൻ. അംഗൻവാടി വിദ്യാർത്ഥിയാണ് ജീവൻ. ഗണേശും രാമുവും ചെട്ടികുളങ്ങരയിലെ ഹോട്ടൽ ജീവനക്കാരാണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ . സംസ്കാരം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം കായംകുളം നഗരസഭാ ശ്മശാനത്തിൽ . ജീവന്റെ സഹോദരൻ: പ്രൊതിമ.