ആലപ്പുഴ: തുഷാറിനെ അജ്മാനിൽ കേസിൽ കുരുക്കിയപ്പോൾ ബി.ജെ.പി പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിയ പ്രസ്താവന കലക്കവെള്ളത്തിൽ മീൻപിടിക്കലാണെന്ന് എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേർത്തല എസ്.എൻ കോളേജിൽ നടന്ന എസ്.എൻ ട്രസ്റ്റിന്റെ 66 ാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുഷാറിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നാണ് ശ്രീധരൻപിള്ള പറഞ്ഞത്. കേസിൽ രാഷ്ട്രീയമില്ലെന്ന് തുഷാറും കേസ് കൊടുത്ത നാസിലും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ ഗുരുത്വമില്ലായ്മയാണ് ശ്രീധരൻപിള്ള കാട്ടിയത്. ശബരിമല പ്രശ്നമുണ്ടായപ്പോൾ ഗോൾഡൻ ചാൻസെന്നാണ് അദ്ദേഹം പറഞ്ഞത്. പിള്ളയുടെ ഗ്രാഫ് ഇതോടെ വളരെ താഴെ പോയി.
ചിദംബരത്തിന്റെ കാര്യത്തിൽ എന്തുകൊണ്ട് ഇടപെട്ടില്ല എന്നാണ് കെ.പി.സി.സി പ്രസിഡന്റ് ചോദിച്ചത്. കോടികളുടെ അഴിമതി നടത്തിയ ചിദംബരത്തിന്റെ കേസുപോലെയാണോ തുഷാറിന്റെ കേസ്. അമിത് ഷായെ മൂന്ന് മാസം ജയിലിലടച്ചത് ചിദംബരമല്ലായിരുന്നോ. അമിത്ഷായ്ക്ക് അധികാരം കിട്ടിയപ്പോൾ ചിദംബരത്തെ പിടിച്ച് അകത്തിട്ടു. അതിന് കുറ്റം പറയാനാകുമോ. മുഖ്യമന്ത്രി ഇടപെട്ടതിനെ ബി.ജെ.പിയും സി.പി.എമ്മുമായുള്ള ബന്ധമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് ചിത്രീകരിച്ചത്. അദ്ദേഹം ഇത്രയും മോശമാകരുതായിരുന്നു. ഭാഗ്യംകൊണ്ട് കിട്ടിയ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കൊണ്ടുനടക്കാൻ പോലും കഴിവില്ലാത്തയാളാണ് ഇത് പറയുന്നത്.
പതിന്നാല് വർഷം മുമ്പ് തുഷാറിന് ദുബായിൽ ഒരു കൺസ്ട്രക്‌ഷൻ കമ്പനിയുണ്ടായിരുന്നു. നഷ്ടമായതോടെ പത്ത് വർഷം മുമ്പ് അത് പൂട്ടി. വർക്ക് ടെൻഡറിന് അന്ന് സെക്യൂരിറ്റിയായി തുഷാർ ഒപ്പിട്ടുകൊടുത്ത ബ്ളാങ്ക് ചെക്ക് വച്ചാണ് കേസിൽ കുടുക്കിയത്. കറുത്ത മഷി കൊണ്ട് ഒപ്പിട്ട ചെക്കിൽ പച്ച മഷി കൊണ്ടാണ് 20 കോടി എന്ന് എഴുതിയിരിക്കുന്നത്. തുഷാറിന്റെ കമ്പനിക്ക് മൊത്തത്തിൽ 20 കോടിയുടെ ആസ്തിയില്ലായിരുന്നു. ദുബായിലെ കമ്പനിയിലെ ചെക്കിന് അജ്മാനിലാണ് കേസ് നൽകിയത്. ജാമ്യവ്യവസ്ഥയിൽ പാസ്പോർട്ട് സറണ്ടർ ചെയ്തതിനാൽ ദുബായിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ തുഷാർ തങ്ങുകയാണ്. ജയിലിൽ പോയിട്ടില്ല. പൊലീസ് സ്റ്റേഷനിലാണ് പോയത്.
യൂസഫലിയുടെ സ്വാധീനവും മുഖ്യമന്ത്രിയുടെ ഇടപെടലുമാണ് ജാമ്യം കിട്ടിയതിന് പിന്നിൽ. കേസ് തീർക്കാൻ ധാരണയായെന്നാണ് അറിഞ്ഞത്. കേസ് കൊടുത്തയാൾക്ക് ജോലി ശരിയാക്കി കൊടുക്കാമെന്നും ധാരണയായിട്ടുണ്ട്. സമാശ്വസിപ്പിക്കാൻ എന്നെ വിളിച്ചവരോടും അകത്ത് കിടക്കട്ടെ എന്ന് ആഗ്രഹിച്ചവരോടും നന്ദിയുണ്ട്. തുഷാറിനെ ജാമ്യത്തിലിറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിക്ക് കത്തയച്ചത് എസ്.എൻ.ഡി.പി യോഗത്തിനുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എൻ ട്രസ്റ്റ് ചെയർമാൻ എം.എൻ.സോമൻ അദ്ധ്യക്ഷതവഹിച്ചു. ട്രഷറർ ഡോ.ജി.ജയദേവൻ, ലീഗൽ അഡ്വൈസർ അഡ്വ.എ.എൻ.രാജൻബാബു, എക്സിക്യൂട്ടിവ് അംഗം അരയാക്കണ്ടി സന്തോഷ്, ബോർഡ് അംഗം കെ.കെ.മഹേശൻ എന്നിവർ സംസാരിച്ചു.