s-n-trust
s n trust

ആലപ്പുഴ : ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പ്രസക്തി എല്ലാ രാഷ്ട്രീയ കക്ഷികളും മനസിലാക്കണമെന്നും പത്ത് വോട്ടിനുവേണ്ടി റിപ്പോർട്ട് മുക്കരുതെന്നും എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അനുഭവത്തിൽ നിന്ന് പാഠം പഠിക്കണം. ഗാഡ്ഗിൽ റിപ്പോർട്ട് തള്ളുന്നതിനെ എസ്.എൻ.ഡി.പി യോഗം അതിശക്തമായി എതിർത്തിട്ടുള്ളതാണ്. അന്ന് നടപ്പാക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ ദുരന്തം ഉണ്ടാവില്ലായിരുന്നു.

റിപ്പോർട്ടിനെ ഞാൻ അനുകൂലിച്ചപ്പോൾ ഇടുക്കിയിലെ പല യൂണിയനുകളുമായി എനിക്ക് ഉരസേണ്ടിവന്നു. ചില യൂണിയൻ പ്രസിഡന്റുമാർ രാജിവച്ചു. അവർ ചേർന്നുണ്ടാക്കിയ ഹൈറേഞ്ച് സമിതി തന്നെ ഇല്ലാതായി. പാറ വന്നില്ലെങ്കിൽ വികസനം നടക്കില്ലെന്നത് പൊള്ളയായ മുറവിളിയാണെന്ന് തെളിഞ്ഞു.

റിപ്പോർട്ട് നടപ്പാക്കിയില്ലെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ ദുരന്തം കാണേണ്ടിവരുമെന്ന് ഗാഡ്ഗിൽ പറഞ്ഞത് യാഥാർത്ഥ്യമായി. രാഷ്ട്രീയത്തിലെ പ്രമുഖരായ ഒട്ടേറെപ്പേർ ക്വാറികൾ നടത്തുന്നു. വേലി തന്നെ വിളവ് തിന്നുന്നതിനാൽ എവിടെ നീതി കിട്ടും. മല കൈയേറി ആരാധനാലയം സ്ഥാപിച്ചവർക്കെതിരെ ഒന്നും ചെയ്യാനാവുന്നില്ല. വോട്ടിനുവേണ്ടി അവർക്ക് മുന്നിൽ മുട്ടുമടക്കുന്നു. ഇനിയൊരു ദുരന്തം സഹിക്കാനാവില്ല. അതിനായി ക്വാറികൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും പാറയും മെറ്റലും ഉപയോഗിക്കാതെയുള്ള ആധുനിക നിർമ്മാണരീതിയിലേക്ക് തിരിയണമെന്ന സി.പി.എം നിർദ്ദേശം സ്വാഗതാർഹമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.