ആലപ്പുഴ: 2019 - 2020 വർഷത്തിൽ എസ്.എൻ ട്രസ്റ്റിന് 132.42 കോടി രൂപ വരവും അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ്. ചേർത്തല എസ്.എൻ കോളേജിൽ ഇന്നലെ നടന്ന വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ആശുപത്രികളുടെ വികസനത്തിന് 35 കോടിയും എയ്ഡഡ് കോളേജുകളുടെ അറ്റകുറ്റപ്പണിക്ക് 15 കോടിയും കെട്ടിട നിർമ്മാണത്തിന് 12.97 കോടിയും സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്ക് 7 കോടിയും ബഡ്ജറ്റിൽ വകയിരുത്തി.
152 കേസുകളാണ് ട്രസ്റ്റിനെതിരെയുള്ളത്. ഇതിന്റെ നടത്തിപ്പിന് 15 ലക്ഷവും ജീവനക്കാരുടെ ശമ്പളത്തിന് 13.50 കോടിയും ഫർണിച്ചറുകൾക്ക് 1.87 കോടിയും ലബോറട്ടറി ഉപകരണത്തിനും കമ്പ്യൂട്ടറിനും 1.86 കോടിയും സ്കൂൾ ബസുകൾക്ക് 1.58 കോടിയും ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിന് 1.23 കോടിയും വകയിരുത്തി.
പൊതുയോഗം ബഡ്ജറ്റ് ഏകകണ്ഠമായി അംഗീകരിച്ചു. കഴിഞ്ഞ വർഷം 114.66 കോടിയായിരുന്നു ബഡ്ജറ്റ് എസ്റ്റിമേറ്റ്. ഇത്തവണ 18 കോടിയോളം രൂപയുടെ വർദ്ധനയുണ്ട്.