അമ്പലപ്പുഴ: പറവൂരിലെ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് നാലംഗസംഘം കൊലപ്പെുത്തിയ യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടുതൈ വെളിയിൽ മനുവിന്റെ (കാകൻ മനു-28) മൃതദേഹമാണ് ഇന്നലെ പൊലീസ് പുറത്തെടുത്തത്. ഇതിനിടെ, കേസിൽ ഇന്നലെ മൂന്നുപേർ കൂടി പിടിയിലായി.
മനുവിന്റെ മൃതദേഹം കടലിൽ കെട്ടിത്താഴ്ത്തിയെന്നാണ് പ്രതികൾ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിൽ കടൽതീരത്ത് കുഴിച്ചിട്ടെന്ന് സമ്മതിക്കുകയായിരുന്നു. മൂന്നാം പ്രതി പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കിരിയിൽ ഓമനക്കുട്ടൻ (ജോസഫ്- 19), മൃതദേഹം കുഴിച്ചിടാൻ സഹായിച്ച പുന്നപ്ര പറയക്കാട്ടിൽ കൊച്ചുമോൻ (39), പുന്നപ്ര തെക്കേ പാലക്കൽ ജോൺ പോൾ (33) എന്നിവരെയാണ് ഇന്നലെ പിടികൂടിയത്. വെള്ളിയാഴ്ച പിടിയിലായ പുന്നപ്ര വടക്ക് പഞ്ചായത്ത് തൈപ്പറമ്പിൽ അപ്പാപ്പൻ പത്രോസ് (28), വടക്കേ തൈയിൽ സനീഷ് (സൈമൺ- 29) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കൊല നടത്തിയ സംഘത്തിലുണ്ടായിരുന്ന പുന്നപ്ര വടക്ക് പനഞ്ചിക്കൽ വിപിനും (ആന്റണി സേവ്യർ-28) മൃതദേഹം കുഴിച്ചിടാൻ സഹായിച്ച നാലുപേരും ഒളിവിലാണ്.
കഴിഞ്ഞ 19 മുതൽ പറവൂരിൽ നിന്നു കാണാതായ മനുവിനെപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. പ്രതികൾ മനുവിനെ മർദ്ദിക്കുന്നത് പറവൂരിലെ ബാറിലുള്ള സി.സി കാമറയിൽ പതിഞ്ഞിരുന്നു. തുടർന്നാണ് അപ്പാപ്പൻ പത്രോസിനെയും സനീഷിനെയും പിടികൂടിയത്. 19ന് രാത്രി പത്തോടെയാണ് ബാറിന് എതിർവശത്തിട്ട് ബിയർ കുപ്പിയും കല്ലുംകൊണ്ട് തലയ്ക്കടിച്ച് മനുവിനെ കൊലപ്പെടുത്തിയത്. ബാറിൽ തുടങ്ങിയ സംഘർഷം പുറത്തേക്കും നീങ്ങുകയായിരുന്നു. അന്വഷണം വഴിതെറ്റിക്കാൻ വേണ്ടിയാണ്, ആദ്യം പിടിയിലായ പത്രോസും സനീഷും മൃതദേഹം കടലിൽ തള്ളിയെന്ന് പൊലീസിനോട് പറഞ്ഞത്. എന്നാൽ, 19ന് രാത്രി തന്നെ പറവൂർ ഗലീലിയ കടപ്പുറത്ത് മൃതദേഹം സുഹൃത്തുക്കളുടെ സഹായത്തോടെ ഇവർ മറവ് ചെയ്തിരുന്നു.
ഓമനക്കുട്ടന്റെ അറസ്റ്റ് നിർണ്ണായകമായി
മൂന്നാം പ്രതി ഓമനക്കുട്ടനെ വെള്ളിയാഴ്ച രാത്രിയിൽ കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചത്. തുടർന്നാണ് മൃതദേഹം കുഴിച്ചിടാൻ സഹായിച്ച കൊച്ചുമോനെയും ജോൺപോളിനെയും കസ്റ്റഡിയിലെടുത്തത്. മൃതദേഹം കുഴിച്ചിട്ടെന്ന് കൊച്ചുമോൻ പൊലീസിനോട് സമ്മതിച്ചു. ഇന്നലെ പറവൂർ ഗലീലിയ കടപ്പുറത്തെത്തിച്ചപ്പോൾ കുഴിച്ചിട്ട സ്ഥലം കൊച്ചുമോൻ പൊലീസിന് കാട്ടിക്കൊടുത്തു. ജെ.സി.ബി ഉപയോഗിച്ച് അരയാൾ താഴ്ചയിൽ കുഴിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ പുറത്തെടുത്ത മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി 4 മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
മൃതദേഹം കടലിൽ കെട്ടിത്താഴ്ത്തിയെന്ന മൊഴിയെത്തുടർന്ന് കഴിഞ്ഞ ദിവസം വള്ളങ്ങളിൽ പൊലീസിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികൾ വ്യാപക തെരച്ചിൽ നടത്തിയിരുന്നു. കൊലപാതകം നടന്നതിന്റെ തൊട്ടടുത്ത ദിവസം രാവിലെ മനുവിന്റെ മൊബൈൽ ഫോൺ സംഭവസ്ഥലത്തെ തട്ടുകടക്കാരന് കിട്ടിയിരുന്നു. ഇത് മനുവിന്റെ സഹോദരീ ഭർത്താവ് ജയൻ കണ്ടതോടെയാണ് കേസിന് തുമ്പായത്. 19ന് ജയന്റെ വീട്ടിൽ വന്ന് മടങ്ങുന്നതിനിടെയാണ് ബാറിൽ സംഘട്ടനം നടന്നത്. സംഭവശേഷം അമ്പനാകുളങ്ങരയിലെ വീട്ടിൽ മനു എത്താതിരുന്നതോടെയാണ് പിതാവ് മനോഹരൻ പൊലീസിൽ പരാതി നൽകിയത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ആലപ്പുഴ ഡിവൈ.എസ്.പി പി.വി ബേബിയുടെ മേൽനോട്ടത്തിൽ ആലപ്പുഴ സൗത്ത് സി.ഐ രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.