t

 നിർമ്മാണത്തെപ്പറ്റി ആരും ഒന്നും പറഞ്ഞില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

ഹരിപ്പാട്: റവന്യു വകുപ്പും പഞ്ചായത്തും കൊമ്പുകോർത്തതോടെ ചിങ്ങോലി വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം താത്കാലികമായി നിറുത്തിവച്ചു. കാർത്തികപ്പള്ളി ജംഗ്ഷന് സമീപമുളള 18 സെന്റ് സ്ഥലത്ത് 44 ലക്ഷം രൂപ മുടക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണമാണ് പഞ്ചായത്ത് അധികൃതരുടെ എതിർപ്പിനെ തുടർന്ന് നിറുത്തിവയ്ക്കേണ്ടി വന്നത്.

18 സെന്റിൽ അഞ്ച് സെന്റ് സ്ഥലത്ത് നിലവിൽ വായനശാല പ്രവർത്തിക്കുന്നുണ്ട്. തങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെയാണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചതെന്ന് ആരോപിച്ചാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.നിയാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി.ശാന്തകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ എത്തി നിർമ്മാണം തടഞ്ഞത്. നിർമ്മാണം നടക്കുന്നിടത്തെ അഞ്ചര സെന്റ് പുറമ്പോക്ക് സ്ഥലം ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നതിനായി 1991ൽ 10,000രൂപ വില നിശ്ചയിച്ച് പതിച്ചു നൽകിയതാണെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ബാക്കി അഞ്ചു സെന്റുകൂടി ലഭിക്കാനായി പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം റവന്യു മന്ത്രിക്ക് അപേക്ഷയും നൽകിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

എന്നാൽ, പൂർണ്ണമായും തങ്ങളുടെ അധീനതയിലുളള വസ്തുവാണെന്ന് സ്ഥലത്തെത്തിയ റവന്യു അധികൃതർ പറഞ്ഞു. സർക്കാരിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നിർമ്മാണം നടത്തുന്നതെന്ന് ഡപ്യൂട്ടി തഹസീൽദാർ കെ.എസ്.ശരത്കുമാർ, വില്ലേജ് ഓഫീസർ കെ.ആർ.അജയകുമാർ എന്നിവർ വ്യക്തമാക്കി. അമ്പാടി ജംഗ്ഷനിലുളള കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം താഴ്ചയിലായതിനാൽ മഴക്കാലത്ത് വെളളം കയറും. അതിനാൽ അവിടെ വില്ലേജിന്റെ ഓഫീസിന്റെ പ്രവർത്തനം ബുദ്ധിമുട്ടായിരിക്കുമെന്നും റവന്യു അധികൃതർ പറഞ്ഞു. തർക്കത്തിനൊടുവിൽ കാർത്തികപ്പളളി തഹസീൽദാർ കെ.ബി.ശശി എത്തി ചൊവ്വാഴ്ച രാവിലെ കളക്ടറുടെ സാന്നിദ്ധ്യത്തിൽ കാര്യങ്ങൾ ചർച്ചചെയ്യാമെന്ന് പ്രസിഡന്റിനെ അറിയിച്ചു. തുടർന്ന് അതുവരെ ജോലികൾ നിറുത്തിവയ്ക്കാനും ധാരണയായി.