jaison

ആലപ്പുഴ: ചേർത്തല എരമല്ലൂർ ഭാഗത്ത് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി എറണാകുളം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ചേർത്തല, തുറവൂർ, എരമല്ലൂർ, എഴുപുന്ന ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ എറണാകുളം കനയന്നൂർ പൂണിത്തുറ കല്ലറയ്ക്കൽ വീട്ടിൽ ജെയ്‌സൺ ജോസഫിനെയാണ് (26) സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി. റോബർട്ടും സംഘവും പിടികൂടിയത്.

കഞ്ചാവ് വിൽപ്പനയ്ക്കായി ഇയാൾ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 22ന് രാത്രിയിൽ എഴുപുന്ന ഭാഗത്ത് നടത്തിയ റെയ്ഡിലാണ് എരമല്ലൂർ ജംഗ്ഷനിൽ ഇയാൾ പിടിയിലാകുന്നത്. എറണാകുളത്തുള്ള ബ്യൂട്ടി പാർലറിൽ ബ്യൂട്ടീഷ്യനാണ് പ്രതി. ന്യൂജെൻ ബ്യൂട്ടിപാർലറുകളിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായി സൂചനയുണ്ടായിരുന്നു. ബ്യൂട്ടി ഷോപ്പുകളിലെത്തുന്ന യുവാക്കളെ ചെറിയ അളവിൽ കഞ്ചാവും ലഹരി വസ്തുക്കളും നൽകി വശത്താക്കി തുടർന്ന് ഉപഭോക്താക്കളാക്കി മാറ്റുന്നതാണ് ഇവരുടെ രീതി. രാത്രി പതിനൊന്നിനും പുലർച്ചെ നാലിനും ഇടയിലുള്ള സമയത്താണ് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നതെന്ന് പ്രതി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഓണം വിപണി ലക്ഷ്യമിട്ടാണ് കൂടുതൽ അളവിൽ കഞ്ചാവ് എത്തിക്കുന്നതെന്നും പിടിക്കപ്പെടാതിരിക്കാൻ ഇതര സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാർത്ഥികളെന്ന വ്യാജേനയാണ് യാത്ര ചെയ്യുന്നതെന്നും ജെയ്‌സൺ മൊഴി നൽകി. 25,000 രൂപയ്ക്ക് ഒരു കിലോ കഞ്ചാവ് വാങ്ങി 30,000 മുതൽ 50,000 രൂപയ്ക്ക് വരെയാണ് മറിച്ച് വിൽക്കുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.