ചേർത്തല: അമേരിക്കയിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ലോക ജാംബൂരിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജില്ലയിൽ നിന്ന് പങ്കെടുത്ത ചേർത്തല എസ്.എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിക്ക് അഭിമാന നേട്ടം. സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശംഭുവാണ് അപൂർവ നേട്ടത്തിന് അർഹനായത്.
സ്കൂളിലെ ഫസ്റ്റ് സി.ടി.എൽ എച്ച്.എസ്.എസ് ഗ്രൂപ്പിലെ അംഗമായിരിക്കെയാണ് വെർജിനിയയിൽ നടക്കുന്ന ലോക ജാംബൂരിയിൽ പങ്കെടുക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞ ജൂലായ് 22 മുതൽ ആഗസ്റ്റ് 2 വരെയാണ് ക്യാമ്പ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 40,000 പേർ പങ്കെടുത്ത ക്യാമ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 382 പേരാണ് പങ്കെടുത്തത്. യു.എൻ മുൻ സെക്രട്ടറി ജനറൽ ബാൻ കീ മൂൺ വിശിഷ്ടിതിഥിയായി പങ്കെടുത്തു. എസ്.എൻ ട്രസ്റ്റ് സ്കൂൾ പ്രിൻസിപ്പലും സ്കൗട്ട് മാസ്റ്ററുമായ യു.ജയൻ, ഗൈഡ് ക്യാപ്ടൻ അജി എന്നിവരുടെ സഹായവും പ്രോത്സാഹനവും ശംഭുവിന് കൂടുതൽ കരുത്ത് നൽകി. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. ചേർത്തല ശ്രീനാരായണ കോളേജിലെ മലയാള വിഭാഗം മുൻ മേധാവി പ്രൊഫ.എം.വി.കൃഷ്ണമൂർത്തിയുടെയും വി.എൻ.എസ്.എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ അദ്ധ്യാപികയായ ജി.ബിയാസിന്റെയും മകനാണ്.