ആലപ്പുഴ: ഒന്നര വർഷമായി നോമിനേറ്റ് ചെയ്യപ്പെട്ടവർ ഭരിക്കുന്ന കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് സെപ്തംബർ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും. അഞ്ച് ജനറൽ സീറ്റിലേക്കും പ്രൈവറ്റ് കോളേജ് അദ്ധ്യാപകരുടെ രണ്ട് സീറ്റിലേക്കും ഒരു ഗവ. കോളേജ് അദ്ധ്യാപക സീറ്റിലേക്കുമാണ് മത്സരം.
വിദ്യാർത്ഥി പ്രതിനിധികളുടെ രണ്ട് സീറ്റിലേക്കും പ്രിൻസിപ്പൽമാർക്കും പട്ടികജാതിക്കാർക്കുള്ള ഓരോ സീറ്റിലും എതിരില്ലാതെയാകും തിരഞ്ഞെടുപ്പ്. ഈ വിഭാഗത്തിലെല്ലാം എൽ.ഡി.എഫുകാരാണ് സെനറ്റിനെ പ്രതിനിധീകരിക്കുന്നത്. സെനറ്റ് അംഗങ്ങൾക്കാണ് സിൻഡിക്കേറ്റിൽ വോട്ടവകാശം. പത്ത് വിദ്യാർത്ഥി പ്രതിനിധികളിൽ കെ.എസ്.യുവിന്റെ ഒരാൾ പോലുമില്ല.
എൽ.ഡി.എഫിൽ നിന്ന് എം.എൽ.എമാരായ ആർ. രാജേഷ് (സി.പി.എം), ചിറ്റയം ഗോപകുമാർ (സി.പി.എെ), തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു (സി.പി.എം), പി.എച്ച്. ഹാരിസ് (ജനതാദൾ), യു.ഡി.എഫിൽ നിന്ന് ശബരീനാഥൻ എം.എൽ.എ (കോൺഗ്രസ്) എന്നിവരാണ് ജനറൽ സീറ്റിൽ മത്സരിക്കുന്ന പ്രമുഖർ.
ആനുപാതിക പ്രാതിനിദ്ധ്യ വോട്ട് പ്രകാരമാണ് തിരഞ്ഞെടുപ്പ്. എട്ട് ഒന്നാം വോട്ട് കിട്ടുന്നവർ വിജയിക്കും. കഴിഞ്ഞതവണ യു.ഡി.എഫിന്റെ കൈയിലായിരുന്ന സെനറ്റ് എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. സിൻഡിക്കേറ്റും എൽ.ഡി.എഫിന്റേതായി മാറാനാണ് കളമൊരുങ്ങുന്നത്. അങ്ങനെയായാൽ യു.ഡി.എഫില്ലാത്ത ആദ്യ സിൻഡിക്കേറ്റാവും.
സെനറ്റിലെ അംഗസംഖ്യ 105 ആണെങ്കിലും നിലവിൽ 103 പേരാണുള്ളത്. കോളേജ് മാനേജർമാരുടെ രണ്ട് സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. യു.ഡി.എഫിന്റെ മൊത്തം പത്ത് പേരാണ് സെനറ്റിലുള്ളത്. ഗവർണർ നാമനിർദ്ദേശം ചെയ്ത രണ്ട് ബി.ജെ.പിക്കാരും ഒഴിച്ചാൽ ബാക്കി 91 പേരും എൽ.ഡി.എഫുകാരാണ്.
2014ലെ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് ഒൻപതും എൽ.ഡി.എഫിൽ നിന്ന് അഞ്ചും പേരാണ് വിജയിച്ചത്. അന്ന് സെനറ്റിൽ യു.ഡി.എഫിന് 72 അംഗങ്ങളുണ്ടായിരുന്നു. അതാണ് പത്തായി ചുരുങ്ങിയത്. 2018 മേയിൽ സിൻഡിക്കേറ്റിന്റെ കാലാവധി തീർന്നു. അതിനുശേഷം നോമിനേറ്റഡ് സിൻഡിക്കേറ്റാണ് പ്രവർത്തിച്ചുവരുന്നത്. കോൺഗ്രസിലെ ഗ്രൂപ്പും തമ്മിലടിയുമായിരുന്നു സെനറ്റ് തിരഞ്ഞെടുപ്പിൽ വൻപരാജയത്തിനിടയാക്കിയത്.