തനതു വിഭവങ്ങൾക്കു പുറമേ കുടുംബശ്രീ സ്പെഷ്യലുകളും
ആലപ്പുഴ: കുടുംബശ്രീ വീട്ടമ്മമാർ പതിവ് പച്ചക്കറി വിപ്ലവത്തിന് പിന്നാലെ ഒാണം മേളകൾ ഒരുക്കാനുള്ള തിരക്കിലാണിപ്പോൾ. 80 സി.ഡി.എസ് ഗ്രൂപ്പുകളിൽ നിന്ന് ആയിരത്തോളം പേർ ഫെയറുകളിൽ പങ്കെടുക്കും. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഒാണംഫെയർ എല്ലാ പഞ്ചായത്തുകളിലും അടുത്ത ആഴ്ച തുടങ്ങും.
കലർപ്പില്ലാത്ത ഒാണവിഭവങ്ങൾ എത്തിക്കുക എന്നതാണ് ഫെയറിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധമായ കറിപൗഡറുകൾ, ഉപ്പേരി, അച്ചാറുകൾ, ചക്കവിഭവങ്ങൾ, പലഹാരങ്ങൾ, ജാം, സ്ക്വാഷ്, അരിപ്പൊടി എന്നിവ കുടുംബശ്രീ അംഗങ്ങൾ സ്വന്തമായുണ്ടാക്കി ഒാണം വിപണികളിൽ എത്തിക്കും. ബ്രാൻഡഡ് ഉത്പന്നങ്ങളോടു കൊമ്പുകോർക്കാൻ ശേഷിയുള്ള നാടൻ സാധനങ്ങളാണ് ചെറുകിട സംരംഭങ്ങളിൽ ഉത്പാദിപ്പിക്കുന്നത്. കോയമ്പത്തൂർ, തമിഴ്നാട്, ബംഗളുരു എന്നിവിടങ്ങളിൽ നിന്ന് ഉണങ്ങിയ മഞ്ഞൾ വാങ്ങി പൊടിച്ചാണ് മാർക്കറ്റിൽ എത്തിക്കുന്നത്. ഇതോടൊപ്പം അരിപ്പൊടി വറുത്തും അല്ലാതെയും പാക്കറ്റുകളിലാക്കി എത്തിക്കുന്നുണ്ട്.
.....................................
സ്പെഷ്യൽ എെറ്റങ്ങൾ
ചക്ക, നീര, ചെമ്പരത്തി, പാഷൻ ഫ്രൂട്ട് വിഭവങ്ങളാണ് കുടുംബശ്രീ യൂണിറ്റുകളുടെ സ്പെഷ്യൽ. ചക്കകൊണ്ട് ഉപ്പേരി, സ്ക്വാഷ്, ഹൽവ, ജാം, ചക്കപ്പൊടി, ചക്കവരട്ടി എന്നിവയും നീര ജൂസും ചെമ്പരത്തി, പാഷൻ ഫ്രൂട്ട് സ്ക്വാഷും മേളയിലെ സ്പെഷ്യൽ എെറ്റങ്ങളാണ്. കുടുംബശ്രീ യൂണിറ്റ് ഉണ്ടാക്കുന്ന കരകൗശല ഉത്പന്നങ്ങളും മേളയിലുണ്ടാവും. ഒാണത്തിനുള്ള ജൈവ പച്ചക്കറി മുൻവർഷങ്ങളിലേതു പോലെ ഇത്തവണയും എത്തിക്കും. പ്രളയം പല കുടുംബശ്രീ യൂണിറ്റുകളുടെയും കൃഷി നശിപ്പിച്ചിരുന്നു. ചാരുംമൂട്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ കൃഷി പ്രളത്തെ അതിജീവിച്ചു. വ്യത്യസ്തതരം പായസങ്ങൾക്കും പലഹാരങ്ങൾക്കുമുള്ള കൗണ്ടറുകളും തുറക്കും.
....................................
കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യൂണിറ്റുകൾ
# കറിപ്പൊടി....................... 60
# ചിപ്സ്................................ 100
# അച്ചാർ........................... 60
# സ്ക്വാഷ്............................. 10
........................................
'കുടുംബശ്രീ ഫെയറുകൾ എല്ലാ പഞ്ചായത്തിലും ഉണ്ടാകും. പച്ചക്കറി, കറിപൗഡറുകൾ, പലഹാരങ്ങൾ, സ്ക്വാഷ്, പായസം, ഹാൻഡ് ലൂം സാധനങ്ങൾ എന്നിവ ഫെയറിൽ ഉണ്ടാവും'
(സി.പി.സുനിൽ, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ)