മാവേലി കലാകാരൻമാർ 'വംശ'നാശത്തിലേക്ക്
ആലപ്പുഴ: ഓണം പടിവാതിൽക്കൽ എത്തിനിൽക്കവേ, മാവേലിയെ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് 'സംഘാടക'ർ. മാവേലിയുടെ വരവ് ആഘോഷിക്കാനൊരുങ്ങുന്ന ക്ളബ്ബുകാരും 'ജീവനുള്ള' മാവേലിയെ തങ്ങളുടെ സ്ഥാപനത്തിനുമുന്നിൽ ഒരുക്കി നിറുത്താൻ ആഗ്രഹിക്കുന്ന സ്ഥാപന ഉടമകളുമാണ് മാവേലിയെ തേടി ഇറങ്ങിയിരിക്കുന്നത്.
മാവേലിയെ തേടിക്കൊണ്ട് പത്രങ്ങളിൽ ഒരു സ്ഥാപനം നൽകിയ പരസ്യം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നിട്ടും മാവേലി വരുന്നില്ല. കാരണം, മാവേലി വേഷം കെട്ടുന്നവരിൽ പകുതിയിലേറെ പേരും ഫീൽഡ് ഒൗട്ട് ആയി. ബാക്കിയുള്ളവരുടെ പ്രായം 50ന് മുകളിൽ എത്തി.
ജില്ലയിൽ വിവിധ കലാകാര സമിതികളിൽ 80ഒാളം മാവേലി കലാകാരന്മാരുണ്ടായിരുന്നു. ഇത്തവണ അത് 30 ന് താഴെയായി. കഴിഞ്ഞ വർഷത്തെ പ്രളയം ഈ മാവേലിമാരെ നിരാശപ്പെടുത്തി. എല്ലാവരും അന്ന് ഓണാഘോഷം ഒഴിവാക്കിയതാണ് മടുപ്പുണ്ടാക്കിയത്. ഇത്തവണ അങ്ങനെയല്ല. ബുക്ക് ചെയ്യാൻ മാവേലിമാരെ തേടി ഇറങ്ങിയിരിക്കുകയാണ് ആളുകൾ.
വിരലിൽ എണ്ണാവുന്ന 'പ്രൊഫഷണൽ' മാവേലിമാർ മാത്രമേ ഇപ്പോൾ ജില്ലയിലുള്ളു. പ്രൗഢി തോന്നുന്ന വേഷത്തിൽ മാവേലിയായി ഒരുങ്ങിയിറങ്ങണമെങ്കിൽ 6,000 രൂപ വരെ മുടക്കണം. വസ്ത്രത്തിന് തയ്യൽക്കൂലി മാത്രം 3,000 രൂപയാണ്. മാവേലിയായി ഒരുങ്ങുന്നത് അത്ര നിസാരമല്ലെന്നാണ് 32 വർഷമായി മാവേലി വേഷം കെട്ടുന്ന ഷാജി തലവടി പറയുന്നത്.
മാവേലി ഭക്ഷണപ്രിയനാണെന്നു കാഴ്ചയിൽ തോന്നുമെങ്കിലും വേഷം കെട്ടിയാൽ അഴിക്കുന്നതുവരെ ഭക്ഷണം കഴിക്കാനൊന്നും 'വേഷക്കെട്ടു'കാർക്കു പറ്റില്ല. വെള്ളം കുടിച്ചു നിൽക്കാൻ മാത്രമേ സാധിക്കൂ. പകൽ മുഴുവനും ഒറ്റ നിൽപ്പാണ്. വന്നു പോകുന്ന കസ്റ്റമേഴ്സിന് സലാം പറയണം. കൊച്ചുകുട്ടികൾക്ക് സമ്മാനം കൊടുക്കണം. വൈകുന്നേരമാകും മുമ്പ് കാല് നീരുവന്ന് വീർക്കും. എത്ര മെനക്കെട്ടാലും അദ്ധ്വാനത്തിന് അനുസരിച്ചുള്ള പ്രതിഫലവും കടക്കാർ നൽകാറില്ല.
...........................
# വയറുള്ള മാവേലി
വയറുള്ളവർക്കു മാത്രമേ മാവേലി വേഷത്തിൽ തിളങ്ങാനാവൂ. അതുകൊണ്ട് ഇക്കാര്യത്തിൽ മാത്രം ബംഗാളികളെ ആശ്രയിക്കാൻ കഴിയില്ല! മാവേലിക്ക് മലയാളികളുടെ മനസിലുള്ള വേഷത്തിൽ നല്ല വയറുണ്ട്. പാവം ബംഗാളികളാവട്ടെ, ഇക്കാര്യത്തിൽ ഏറെ പിന്നിലാണുതാനും. മാവേലിയായി മെച്ചപ്പെട്ടവിധം ഒരുങ്ങാൻ കുറഞ്ഞത് രണ്ടു മണിക്കൂർ എങ്കിലും വേണം. ഒരുദിവസം മേയ്ക്കപ്പിന് മാത്രം 1000 രൂപയാവും. 4000 രൂപ നൽകിയാൽ വസ്ത്രങ്ങളും ആഭരണങ്ങളും സഹിതം മാവേലിയെ ഒരുക്കിക്കിട്ടും. ദിവസം 2000- 2500 രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ മുതലാകില്ലെന്നാണ് 'പതിവ്' മാവേലിമാർ പറയുന്നത്.
................................
കളിയല്ല പുലികളി
ഓണാഘോഷത്തിന്റെ മുഖ്യ ഇനങ്ങളിലൊന്നായ പുലികളിക്കും ചെലവേറെയാണ്. തൃശൂരിലും തൃപ്പൂണിത്തുറ അത്തച്ചമയത്തിനും കാണുന്ന കുടവയറൻ പുലികൾ ആലപ്പുഴയിലില്ല. രണ്ടു പുലി, ഒരു കാട്ടാളൻ, ഒരു വേട്ടക്കാരൻ, രണ്ടു ചെണ്ടക്കാർ എന്നിവരാണ് പുലികളി സംഘത്തിലുണ്ടാകുക. ഒരു ടീം വേഷം കെട്ടി ഇറങ്ങണമെങ്കിൽ ചെലവ് 12,000-15,000 രൂപ വരെ വരും.
.....................................
'മഹാബലി' വന്ന വഴി
മഹാബലി എന്ന വാക്കിനർത്ഥം വലിയ ത്യാഗം ചെയ്‌തവൻ എന്നാണ്. ബലിയുടേയും ബാണന്റെയും വംശ പരമ്പരക്കാരായിരുന്നു രണ്ടാം ആദി ചേരന്മാർ. 'മഹാബലി'യെ പിൽക്കാല ചേരരാജാക്കന്മാർ ഒരു ബിരുദമായി സ്വീകരിക്കുകയായിരുന്നു. മഹാബലി എന്നത് ലോപിച്ചാണ് മാവേലിയായത്. എന്നാൽ ശക്തിയുള്ളവൻ അഥവാ ബലവാൻ എന്നർത്ഥമുള്ള സംസ്കൃത പദമായ ബലിൻ എന്ന വാക്കിൽ നിന്നാണ് ബലി എന്ന വാക്കിന്റെ പിറവി. മുസ്ലീം സന്യാസിമാർക്ക് വരെ മഹാബലി എന്ന പേരു വാരാൻ കാരണം അതാണെന്നും ചിലർ വിശ്വസിക്കുന്നു.
.....................................................................................................................
മാവേലിക്ക് കുടവയറുണ്ടോ: അശോകൻ ചെരുവിൽ
കുടവയറും മറ്റു വൈകൃതങ്ങളുമായി വരുന്ന 'മഹാബലി' വേഷത്തെ ഓണാഘോഷ ചടങ്ങുകളിൽ കാണുമ്പോൾ ലജ്ജ തോന്നുന്നുവെന്ന് ചെറുകഥാകൃത്ത് അശോൻ ചെരുവിൽ അഭിപ്രായപ്പെടുന്നു.
'എങ്ങനെയുണ്ടായി ഈ വ്യാജ മാവേലി രൂപം എന്നു നിശ്ചയമില്ല. ജനമനസുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ ദ്രാവിഡ നായകനോട് വൈദിക പൗരോഹിത്യത്തിന് അടങ്ങാത്ത പകയാണുള്ളത്. അവരുടെ ഗൂഢലോചനയുടെ ഫലമാകാം ഇത്. കുടവയർ അവർക്കാണ്, ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിൽ നാറുന്ന തറ്റുടുത്ത് നാണംകെട്ടു നിൽക്കുന്ന ആ അഭിനവ വാമനന്മാർക്ക്. നന്മയുടേയും ദ്രാവിഡമായ കരുത്തിന്റെയും പ്രതീകമായ യഥാർത്ഥ മഹാബലിയെ നമ്മുടെ മനസുകളിൽ നിന്നെടുത്ത് നാം തന്നെ സ്ഥാപിക്കണം'- അശോകൻ ചെരുവിൽ മുമ്പ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
.........................................
ഇത് മിമിക്രി മാവേലി: കെ.എസ്. രാധാകൃഷ്ണൻ
പ്രജകളുടെ ക്ഷേമത്തിനായി സ്വജീവിതം ബലിയർപ്പിച്ച മഹാബലിക്ക് പുരാണങ്ങളിൽ ലക്ഷണമൊത്ത രൂപമായിരുന്നുവെന്നും ഇന്നത്തെ മഹാബലി രൂപം കോപ്രായമാണെന്നും ഏഴുത്തുകാരൻ കെ.എസ് രാധാകൃഷ്ണൻ പറയുന്നു. മാർത്താണ്ഡവർമ്മ വരച്ച മഹാബലി പ്രൗഢ ഗംഭീരനായിരുന്നു. ഇന്നത്തെ രൂപമാറ്റം മിമിക്രിക്കാർ ഉണ്ടാക്കിയതാണെന്നും കെ.എസ്. രാധാകൃഷ്ണൻ കുറ്റപ്പെടുത്തുന്നു.
................................................................................
'പ്രൊഫഷണൽ മാവേലി വേഷക്കാർ വേഷം അഴിച്ചത് തക്കതായ പ്രതിഫലം കിട്ടാത്തതുകൊണ്ട് മാത്രമല്ല. മാവേലിമാരെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ മുൻവർഷങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയതും കാരണമാണ്'
(ഷാജി തലവടി, മാവലിേ കലാകാരൻ, ശ്രീമുരുക ആർട്സ്)