ambala
പറവൂരിൽ മനുവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ആന്റണി സേവ്യർ (വിപിൻ - 24)

അമ്പലപ്പുഴ: പറവൂരിലെ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട മനുവിനെ അക്രമിസംഘം ജീവനോടെയാണ് കുഴിച്ചു മൂടിയതെന്നു സൂചന. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വയറ്റിലും ശ്വാസകോശത്തിലും മണ്ണ് കണ്ടെത്തിയതാണ് നിഗമനത്തിനു കാരണം. വിശദ റിപ്പോർട്ട് ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞേ ലഭിക്കുകയുള്ളൂ.

ഇതിനിടെ, കേസിലെ പ്രധാന പ്രതികളിൽ നാലാമനായ പുന്നപ്ര പനയ്ക്കൽ ആന്റണി സേവ്യർ (വിപിൻ- 24) ഇന്നലെ പിടിയിലായി. ഇതോടെ കേസിൽ അറസ്റ്റിലായവർ ആറായി. മൃതദേഹം മറവു ചെയ്യാൻ കൂട്ടുനിന്ന നാലുപേർ ഒളിവിലാണ്. കഴിഞ്ഞ 19ന് രാത്രിയിലാണ് മണ്ണഞ്ചേരി സ്വദേശിയായ മനു കൊല്ലപ്പെട്ടത്. പറവൂരിൽ സഹോദരി മഞ്ജുവിന്റെ വീടായ രണ്ടു തൈയിലെത്തിയ മനു വൈകിട്ടോടെ ജംഗ്ഷനിലുള്ള ബാറിൽ മദ്യപിക്കാനെത്തിയതായിരുന്നു. ഈ സമയം നാലംഗ സംഘം ബാറിലെത്തി. മുൻ വൈരാഗ്യമുള്ള മനുവിനെ കണ്ടതോടെ വാക്കേറ്റമുണ്ടാകുകയും മർദ്ദിച്ച് മൃതപ്രായനാക്കിയ ശേഷം ബൈക്കിൽ കടപ്പുറത്ത് എത്തിച്ച് കുഴിച്ചിടുകയുമായിരുന്നു.