para


 പ്രദേശവാസികളുടെ പ്രധാന ആശ്രയം

കുട്ടനാട്: ജനപ്രതിനിധികളുടെ കനിവു കാത്ത് കിടക്കുകയാണ് ഒന്നര പതിറ്റാണ്ടിലേറെയായി ഈ റോഡ്. എടത്വ പഞ്ചായത്ത് 13-ാം വാർഡ് ചങ്ങങ്കരി പറപ്പള്ളി ബോട്ട് ജെട്ടി മുതൽ കണിയാംകടവ് മോട്ടർതറ വരെയുള്ള റോഡിനാണീ ദുരവസ്ഥ.

പ്രദേശവാസികൾക്ക് ഏക ആശ്രയമായ റോഡാണിത്.

ഒരു കിലോമീറ്ററിലേറെ മാത്രമാണ് ദൈർഘ്യ. ഒന്നര പതിറ്റാണ്ടു മുമ്പ് റോഡ് വികസനത്തിനായി മൂന്ന് മീറ്റർ വീതിയിൽ ഗുണഭോക്താക്കൾ സ്ഥലം വിട്ടുനൽകിയതൊഴിച്ചാൽ മറ്റൊന്നും റോഡിനുവേണ്ടി നടന്നിട്ടില്ല. നിരവധി കുടുംബങ്ങളും പറപ്പള്ളി ബോട്ട് ജെട്ടിയിൽ എത്തുന്ന യാത്രക്കാരും കണിയാംകടവ് പാടത്തേുള്ള കൃഷിക്കാരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ വേനൽ കാലത്ത് പോലും ഒരുമഴപെയ്താൽ മുട്ടോളം ചെളിക്കുളമായി തീരും.

 പ്രളയം കവർന്നു

കഴിഞ്ഞ വർഷത്തെ പ്രളയശേഷം റോഡ് തകർച്ചയുടെ പൂർണ്ണതയിൽ എത്തി. കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിലും മുട്ടിനുമേൽ വെള്ളം പൊങ്ങി. ഫണ്ട് ഉടൻ അനുവദിക്കാമെന്നു മാത്രമേ ജനപ്രതിനിധികൾക്കു കഴിയുന്നുള്ളൂ. പഞ്ചായത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽപ്പെടുത്തി റോഡ് ഉയർത്തി മെറ്റൽ നിരത്തി ടാർ ചെയ്യാൻ നടപടി ഉടൻ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.