gf

ഹരിപ്പാട്: വഴിത്തർക്കവുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് ഹരിപ്പാട് മണ്ഡലം സെക്രട്ടറി കരുവാറ്റ വടക്ക് കളത്തൂർ കെ.ആർ. അദ്വൈത് (19), അമ്മ ജയശ്രീ (48) എന്നിവരെ അയൽവാസിയുടെ ബന്ധുക്കൾ ഉൾപ്പെടുന്ന ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചെന്നു പരാതി. വീടിനു സമീപം നിന്ന ചില മരങ്ങൾ ഇലക്ട്രിക് വാൾ ഉപയോഗിച്ച് മുറിച്ചുവീഴ്ത്തുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയുടെ ബന്ധുക്കൾ അടുത്തിടെ ഇവരെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് അക്രമമെന്ന് കരുതുന്നതായി അദ്വൈതിന്റെ അച്ഛൻ രവികുമാർ പൊലീസിൽ മൊഴി നൽകി. അക്രമത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിക്കാതിരുന്ന അക്രമിസംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മറ്റ് അയൽവാസികളെ അകറ്റി നിറുത്തി. അദ്വൈത് പന്തളം എൻ.എസ്.എസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.