ബൈപാസ് ഈ ഓണത്തിനില്ല
അടുത്ത വർഷം പ്രതീക്ഷിക്കാം
ആലപ്പുഴ: ആലപ്പുഴയ്ക്ക് ഈ വർഷംതന്നെ ഓണസമ്മാനമായെങ്കിലും ലഭിക്കുമെന്ന് കരുതിയിരുന്ന ആലപ്പുഴ ബൈപാസ് വീണ്ടും 'പറ്റിക്കൽ പ്രസ്ഥാനം' പോലെ മുട്ടിലിഴയുന്നു. ബൈപാസിന്റെ ഇരു ഭാഗത്തായുള്ള റെയിൽവേ മേൽപ്പാലങ്ങളിൽ ഗർഡറുകൾ റെയിൽവേ സ്ഥാപിക്കാത്തതാണ് പൂർത്തിയാകൽ അനന്തമായി നീളാൻ കാരണം. ഓണ സമ്മാനമായി ബൈപാസ് സമർപ്പിക്കുമെന്നായിരുന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഗർഡറുകൾ റെഡിയാണ്. പക്ഷേ അതിൻെറ അളവിൽ വ്യത്യാസമുണ്ടെന്നാണ് റെയിൽവേ ചൂണ്ടിക്കാട്ടുന്നത്. ഹൈദരാബാദിലും നോയിഡയിലും നിർമ്മിച്ചതാണ് ഗർഡറുകൾ. നിർമ്മാണ ചെലവ് വഹിച്ചതും അതിന് ഓർഡർ നൽകിയതും കൊണ്ടുവന്നതുമെല്ലാം സംസ്ഥാന സർക്കാർ. പക്ഷേ, റെയിൽവേ പറയുന്നത് തങ്ങളുടെ ഡിസൈൻ അനുസരിച്ചുള്ള ഗർഡറുകൾ അല്ലെന്നാണ്. അതോടെ പരിശോധനകളുടെ പൂരമായി. റെയിൽവേ എൻജിനിയർമാരുടെ സംഘം പലതവണ പരിശോധിച്ചു. അവർ സമ്മതം മൂളാൻ വിസമ്മതിക്കുന്നതിനാൽ സംഗതി കുഴഞ്ഞു. മാസങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് പരിശോധന.
റെയിൽവേ പച്ചക്കൊടി 'താഴ്ത്തി' വച്ചിരിക്കുന്നതിനാൽ പൂർത്തീകരണം ആശങ്കയിലായി.
റെയിൽവേയുടെ വൈദ്യുതി വിതരണ സംവിധാനം നിറുത്തിവച്ചുകൊണ്ടു വേണം ഗർഡറുകൾ സ്ഥാപിക്കേണ്ടത്. എന്നാൽ ഗർഡറുകളുടെ അളവ് കൃത്യമല്ലാത്തതിനാൽ റെയിൽവേ വഴങ്ങുന്നില്ല.
സംസ്ഥാന സർക്കാർ പലതവണ സമ്മർദ്ദം ചെലുത്തി. ഒടുവിൽ കഴിഞ്ഞ ജൂലായ് 26ന് റെയിൽവേയുടെ വലിയൊരു സംഘംതന്നെ ചെന്നൈയിൽ നിന്നെത്തി. അവർക്ക് ഏറെക്കുറെ ബോദ്ധ്യപ്പെട്ടു എന്നാണറിയുന്നത്. ചെന്നൈയിൽ നിന്ന് അനുമതി കിട്ടുമെന്നാണ് പൊതുമരാമത്ത് വിഭാഗത്തിൻെറ വിലയിരുത്തൽ. കിട്ടിയാൽ പണി തുടങ്ങാം. എന്തായാലും 2020ൽ എങ്കിലും പുതുവർഷ സമ്മാനമായി ബൈപാസ് നൽകാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
....................................
'റെയിൽവേയാണ് എല്ലാ കുഴപ്പവും ഉണ്ടാക്കുന്നത്. അവർ സമ്മതിക്കാത്തതു കൊണ്ടാണ് ഉദ്ഘാടനം നീണ്ടു പോകുന്നത്. ഗർഡർ സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപയാണ് സംസ്ഥാന സർക്കാർ റെയിൽവേയിൽ അടച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംരംഭം എന്ന നിലയിൽ 3.50 കോടി സംസ്ഥാന സർക്കാർ അടച്ചാൽ മതി. പണി വേഗം തീർക്കാൻവേണ്ടിയാണ് മൊത്തം തുകയും സംസ്ഥാന സർക്കാർ അടച്ചത്. എന്നിട്ടും റെയിൽവേയുടെ ഭാഗത്തു നിന്ന് വലിയ അലംഭാവമാണ് ഉണ്ടാകുന്നത്. ബൈപാസ് പൂർത്തിയാക്കത്തതിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേയ്ക്കാണ്'
(ജി.സുധാകരൻ, പൊതുമരാമത്ത് മന്ത്രി)
........................................
'റെയിൽവേയ്ക്ക് ഇക്കാര്യത്തിൽ ഒരു പങ്കുമില്ല. സംസ്ഥാന സർക്കാരിനാണ് ഉത്തരവാദിത്വം. ഗർഡറുകൾ സ്ഥാപിക്കേണ്ടത് സർക്കാണ്. ചട്ടപ്രകാരമുള്ള എല്ലാ നടപടികളും പൂർത്തിയായാൽ അപ്പോൾ ശരിയാകും. കാലതാമസം വരുത്തുന്നത് സർക്കാരാണ്. ഗർഡർ നിർമ്മാണവും സ്ഥാപിക്കലുമായി റെയിൽവേയ്ക്ക് ബന്ധമില്ല. റെയിൽവേ പറയുന്ന കണക്കുകൾക്ക് അനുസരിച്ചായിരിക്കണം ഗർഡറുകൾ. അല്ലാതെ ഇലക്ട്രിക് ലൈനുകൾ ബ്ളാേക്ക് ചെയ്യാനാവില്ല. ബ്ളോക്ക് ചെയ്ത് ട്രെയിൻ സർവീസുകൾ നിറുത്തിവച്ച് ഗർഡറുകൾ സ്ഥാപിച്ചിട്ട് ശരിയായില്ലെങ്കിൽ എന്ത് ചെയ്യും?'
(സീനിയർ എൻജിനിയർ, സതേൺ റെയിൽവേ,
തിരുവനന്തപുരം ഡിവിഷൻ)