a

മാവേലിക്കര: യു.ജി.സിയുടെ തെറ്റായ വിദ്യാഭ്യാസ പരിഷ്‌കാര നടപടികൾ കാരണമാണ് വിദ്യാഭ്യാസ കച്ചവടം വർദ്ധിച്ചു വരുന്നതെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഒരു വീടിന് ഒരു എൻജി​നി​യർ എന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. കൊച്ചു കേരളത്തിൽ നൂറ് കണക്കിന് എൻജി​നി​യറിംഗ് കോളേജുകളാണ് ഉള്ളത്. ഇവയിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 97 ശതമാനവും പരാജയപ്പെട്ടു പോവുകയാണ്. പ്രൊഫഷണൽ കോഴ്സുകളുടെ അന്തസ് ഇല്ലാതാക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാമതാണ് കേരളമെങ്കിലും ഇപ്പോൾ സ്വയം പുകഴ്ത്തുന്നവരുടെ മാത്രം നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി.എസ്.ഐ മദ്ധ്യകേരള ഇടവക മോഡറേറ്റർ തോമസ്.കെ.ഉമ്മൻ അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജൂബിലി സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു. സജി ചെറിയാൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ ലീല അഭിലാഷ്, കോളേജ് പ്രിൻസിപ്പൽ ഡോ.ജിബി ജോർജ്, കെ.എച്ച്.ബാബുജാൻ, ബി.അബുരാജ്, ജോൺ ഐസക്, ഡോ.സൈമൺ ജോൺ, ജേക്കബ് ഫിലിപ്പ്, കെ.ഗോപൻ, ഗ്രേസ് ആനി മാത്യൂസ്, ഡോ.സാം ടി​. മാത്യു, തോമസ് പായിക്കാടൻ, അജി.എം, ജിനു ആൻ കോശി, ബോബി ഉമ്മൻ കുര്യൻ എന്നിവർ സംസാരിച്ചു.