amb

 പെരുമ്പളം ദ്വീപിലെ ആംബുലൻസ് കിടക്കുന്നത് മറുകരയിൽ

പൂച്ചാക്കൽ: പെരുമ്പളം ദ്വീപിനായി അനുവദിച്ച ആംബുലൻസ് ബോട്ട് നങ്കൂരടമിടുന്നത് ഒന്നര കിലോമീറ്റർ അകലെ മറുകരയിലുള്ള പാണാവള്ളിയിൽ. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അടിയന്തര സാഹചര്യത്തിൽ രോഗികളെ കൊണ്ടുപോകണമെങ്കിൽ ബോട്ട് ഇക്കരെ എത്തുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥ.

നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യത്തിനൊടുവിലാണ് ഒരു വർഷം മുമ്പ് പുതിയ സൗജന്യ ആംബുലൻസ് ബോട്ട് ജലഗതാഗത വകുപ്പ് പെരുമ്പളം ദ്വീപിലേക്ക് അനുവദിച്ചത്. പരമാവധി പെട്ടെന്ന് ചികിത്സ ലഭിക്കേണ്ട രോഗികൾ പോലും ചികിത്സ മണിക്കൂറുകൾ വൈകിയതു കാരണം മരിക്കുന്നത് തുടർക്കഥ ആയതോടെ ആംബുലൻസ് ബോട്ട് എന്ന ആവശ്യം ഉയരുകയായിരുന്നു.

നിലവിൽ പാണാവള്ളി ബോട്ട് സ്‌റ്റേഷന് പരിസരത്താണ് ആംബുലൻസ് ബോട്ട് പാർക്ക് ചെയ്യുന്നത്. പെരുമ്പളം ആശുപത്രിക്ക് തൊട്ടടുത്തുള്ളത് മാർക്കറ്റ് ജെട്ടിയാണ്. ഇവിടെയാണ് തുടക്കത്തിൽ ബോട്ട് കിടന്നിരുന്നത്. എന്നാൽ ജീവനക്കാർക്ക് വിശ്രമിക്കാനോ പ്രാഥമിക ആവശ്യങ്ങൾക്കോ ഉള്ള സൗകര്യം ഇല്ലാത്തതിനാൽ പാണാവള്ളി ജെട്ടിയിലേക്ക് ബോട്ട് മാറ്റുകയായിരുന്നു.

പെരുമ്പളം ദ്വീപിലെ രോഗികളെ ഇവിടത്തെ ആശുപത്രിയിലാണ് ആദ്യം എത്തിക്കുന്നത്. വിദഗ്ദ്ധ ചികിത്സ വേണ്ടവരെ ആംബുലൻസ് ബോട്ട് വിളിച്ചു വരുത്തി വേണം മറുകര എത്തിക്കാൻ. ഇത് 10-15 മിനുട്ടെങ്കിലും താമസം ഉണ്ടാക്കുന്നുവെന്നാണ് പരാതി. ഇക്കാര്യം ജലഗതാഗത വകുപ്പ് അധികൃതർ ആശുപത്രി അധികൃതരുമായും പഞ്ചായത്ത് പ്രസിഡന്റുമായും സംസാരിച്ചിരുന്നു. എന്നാൽ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

ദ്വീപ് നിവാസികളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബോട്ട് അനുവദിച്ചത്. മുമ്പ് ഇവിടെ ആർക്കെങ്കിലും അത്യാഹിതം സംഭവിച്ചാൽ ജെട്ടിയിൽ കിടക്കുന്ന ഏതെങ്കിലും ബോട്ടുകളോ അടുത്തുള്ള വള്ളങ്ങളോ ആയിരുന്നു ആശ്രയം. ആംബുലൻസ് ബോട്ട് വന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായെങ്കിലും സേവനം ലഭ്യമാകുന്നതിലെ പരിമിതി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

.................................

'പെരുമ്പളം ആശുപത്രിക്കു സമീപത്തെ ജെട്ടിയിൽ ജീവനക്കാർക്കുള്ള സൗകര്യങ്ങൾ പരിമിതമാണ്. ഇതു കണക്കിലെടുത്താണ് പാണാവള്ളിയിലേക്ക് മാറ്റിയത്. ഫോണിൽ സേവനം ആവശ്യപ്പെടുമ്പോഴെല്ലാം ബോട്ട് എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തുന്നുണ്ട്'

(ജലഗാഗത വകുപ്പ് അധികൃതർ)