photo

ചേർത്തല: ഓണം വിപണി ലക്ഷ്യമിട്ട് എത്തിച്ച നാലുകിലോ കഞ്ചാവുമായി ചേർത്തലയിൽ രണ്ടു യുവാക്കൾ എക്സൈസിന്റെ പിടിയിൽ. പതിനൊന്നാം മൈലിന് സമീപത്തു നിന്ന് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് മണ്ണഞ്ചേരി അമ്പലക്കടവ് പാമ്പുംകാട് മനു (21), കിഴക്കേകടവിൽ മിഥുൻ (20) എന്നിവരെ ബൈക്ക് സഹിതം പിടികൂടിയത്.
ആന്ധ്രയിൽ നിന്നു ചെന്നൈയിൽ എത്തിച്ച ശേഷം അവിടെ നിന്നു ആവശ്യാനുസരണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതായിരുന്നു പതിവ്. ചെന്നൈയിൽ താമസമാക്കിയ മൊത്തക്കച്ചവടക്കാരാണ് ഇരുവരും. ചെക്‌പോസ്​റ്റുകൾ ഒഴിവാക്കിയാണ് ബൈക്കിൽ കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്നത്. സംഘത്തിന്റെ തലവനായ ആലപ്പുഴ സ്വദേശിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.റോബർട്ടിന്റെ നിർദ്ദേശ പ്രകാരം ഇൻസ്പെക്ടർ അമൽരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ വി.ബെന്നിമോൻ, വി.ജെ.ടോമിച്ചൻ,സിവിൽ ഓഫീസർമാരായ കെ.ജി.ഓംകാർനാഥ്, പി.അനിലാൽ, വി.അരുൺ,സനൽ സിബിരാജ്,എൻ.പി.അരുൺ,സന്തോഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.