പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്തിലെ ജൈവ പച്ചക്കറി കൃഷിയിൽ വീണ്ടും നൂറ് മേനി വിളവുമായി കണ്ണനും കുടുംബവും.
തരിശ് കിടന്ന ഒരേക്കർ പുരയിടം കൃഷി യോഗ്യമാക്കി മാറ്റി ഡ്രിപ്പ് ഇറിഗേഷൻ വഴി ജലസേചന സൗകര്യം ഒരുക്കി. നൂതന കണികാ ജലസേചന പദ്ധതി 2019-20 ലൂടെ കൃഷിഭവൻ സഹായം നല്കി. കൃഷി ഓഫീസർ അനു ആർ.നായരുടെ നിർദ്ദേശപ്രകാരം പൂർണ്ണമായി ജൈവവളവും ജൈവ കീടനാശിനിയുമാണ് ഉപയോഗിക്കുന്നത്. വെണ്ട, വഴുതന, പയർ, പടവലം, പീച്ചിങ്ങ, പച്ചമുളക്, തക്കാളി തുടങ്ങിയവ തോട്ടത്തിൽ സമൃദ്ധമാണ്. ട്രേഡ് യൂണിയൻ പ്രവർത്തകൻ കൂടിയാണ് കണ്ണൻ (അഭിലാഷ്).
വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനു ആർ.നായർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗം ജയകുമാർ കാളിപറമ്പ്, കൈരളി ക്ലസ്റ്റർ പ്രസിഡന്റ് ഡോ.വിജയകുമാർ, സി.പി.മോഹനചന്ദ്രൻ, സുധീർ പടക്കാറ, ലക്ഷ്മണ കുറുപ്പ് എന്നിവർ സംസാരിച്ചു. സി.എൽ.അഭിലാഷ് സ്വാഗതം പറഞ്ഞു.