 കഴിഞ്ഞ വർഷത്തെ പ്രളയനഷ്ടം നികത്താൻ ശ്രമം

ആലപ്പുഴ: കുത്തൊഴുക്കിൽപ്പെട്ട് കഴിഞ്ഞ വർഷം നഷ്ടമായ ഓണം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് വസ്ത്രവിപണി. ഇക്കുറി ഓണം ആഘോഷിക്കാൻ നാടൊരുങ്ങിയതോടെ വസ്ത്രശാലകളിലേക്കുള്ള കുത്തൊഴുക്കിനും തുടക്കമായി.

വസ്ത്രവിപണിയിൽ 50 ശതമാനത്തിലേറ വില്പന നടക്കുന്നത് ഓണക്കാലത്താണെന്ന് വ്യാപാരികൾ പറയുന്നു. ഏറ്റവും കൂടുതൽ പുതിയ വസ്ത്രങ്ങൾ വിപണിയെ തേടിയെത്തുന്നതും ഓണക്കാലത്താണ്. ഇൗ മാസം പകുതിയോടെ ഉഷാറായ ഒാണവിപണി സെപ്തംബർ പകുതി വരെ നീളും. കുട്ടികളെ ആകർഷിക്കാനായി വിവിധ ഒാഫറുകളും ഗിഫ്റ്റുകളും ഒരുക്കിയാണ് തുണിക്കടകൾ സ്വീകരിക്കുന്നത്.

എല്ലാത്തരം വസ്ത്രങ്ങളും വിറ്റഴിയുന്ന ഏറ്റവും വലിയ സീസൺ ആണ് ഓണം. കസവ് വസ്ത്രങ്ങൾക്കാണ് ഓണക്കാലത്ത് കച്ചവടം കൂടുതൽ. ചിങ്ങപ്പിറവി മുതൽ തിരുവോണം വരെ മുണ്ടുകളും സെറ്റുസാരികളുമൊക്കെ നാടെങ്ങും വെട്ടിത്തിളങ്ങും. 500 രൂപ മുതലുള്ള റെഡിമെയ്ഡ് കസവ് പട്ടുപാവാടകൾ ലഭ്യമാണ്. ഇത്തവണ കസവു സാരിയിൽ വിവിധ ഇനം ട്രെൻഡുകളുണ്ട്. കരയിൽ മുത്തുകൾ പിടിപ്പിച്ചതും കരയും കസവും കൂടിയതും കസവിൽ പ്രിന്റ് വർക്കുകൾ നിറഞ്ഞതും പുതിയ രീതിയാണ്. പഴയ ഒറ്റക്കര കസവ് ബോർഡറുകൾ ഫാഷൻ ലോകത്ത് നിന്ന് വിടവാങ്ങി. 750 മുതൽ 20,000 രൂപ വരെയുള്ള കസവ് സാരികളാണ് ഇൗ ഒാണക്കാലം കീഴടക്കിയിരിക്കുന്നത്.

മ്യൂറൽ ചിത്രങ്ങൾ ഓണക്കാലത്ത് ഷർട്ടുകളിലെ താരമാണ്. കസവുമുണ്ടിനൊപ്പം വെള്ള ഷർട്ടിലേക്കും മ്യൂറലുകൾ കടന്നിട്ടുണ്ട്. ഷർട്ടിൽ മ്യൂറൽ ചിത്രം വരച്ചെടുക്കാൻ 1000 രൂപ കൂടുതൽ നൽകണം. ശരാശരി 2000 രൂപയാണു കൈകൊണ്ടു മ്യൂറൽ പെയിന്റിംഗ് ചെയ്യുന്ന ഷർട്ടിനു വില. ഷർട്ടിൽ മാത്രമല്ല1200 മുതൽ 5000 രൂപവരെ വരുന്ന പ്രിന്റഡ് സാരികളിലും മ്യൂറലുകൾ ചെയ്യുന്നുണ്ട്.

..........................................


 പുളിയിലക്കര മുണ്ടുടുത്ത്...

പുളിയിലക്കര മുതൽ എട്ടുവിരൽ വീതി വരെയുള്ള കസവു മുണ്ടുകളോടൊപ്പം കരയും കസവും കലർന്ന മുണ്ടുകളും പ്രിയങ്കരമാണ്. സ്വർണക്കസവുകൾ കൂടാതെ പെയിന്റിംഗും പ്രിന്റും പാച്ച് വർക്കും ചേർത്ത് പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കേരള കൈത്തറി സാരികൾ. സ്വർണക്കസവിനുപുറമേ ഇക്കുറി ആവശ്യക്കാർ ഏറെയുള്ളത് വെള്ളിക്കസവിനാണ്. വെള്ളിക്കസവ് സെറ്റുമുണ്ടിൽ ഫാബ്രിക് പെയിന്റിംഗ്, പ്രിന്റിംഗ്, എംബ്രോയ്‌ഡറി എന്നിവ ചേർത്ത് ഈ കസവ് സാരിത്തരങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. മുണ്ടുകളിലും വ്യത്യസ്തത ഇഴചേർന്നിട്ടുണ്ട്. ഗാഗ്ര ചോളിയോടും ലാച്ചയോടും കിടപിടിക്കുന്ന രീതിയിലാണ് കേരള സെറ്റുമുണ്ട് കൊണ്ടുള്ള ചോളികളും ലാച്ചകളും. ഫാഷന്റെ കടന്നുവരവോടെ മാറ്റങ്ങൾ കൂടി. ഡിസൈനർ സാരിയുടെ മുൻഭാഗത്ത് കഴുത്തിനോട് ചേർന്ന്‌ മാത്രം വരുന്ന ‘ബീഡ്-മിറർ’ വർക്കുകൾക്കും ഇപ്പോൾ പ്രിയം ഏറെയാണ്.

 ലുക്കിന് കുർത്തയും

കോളേജുകളിലെയും ഓഫീസുകളിലെയും ഓണാഘോഷങ്ങളിൽ മുണ്ടിന് ‘ലുക്ക്’ കൂട്ടുന്ന കോട്ടൺ കുർത്തകൾക്കും ഡിമാൻഡുണ്ട്. മുണ്ടിന്റെ കരയ്ക്കുചേരുന്ന ഷർട്ടുകളോടാണ് എല്ലാ പ്രായക്കാർക്കും പ്രിയം. ഫോർമൽ ഷർട്ടുകൾക്കും ആവശ്യക്കാരുണ്ട്. ഡ്രസ് കോഡുകൾ സെറ്റ് ചെയ്യാനായി ഒരുപോലെയുള്ള വസ്ത്രങ്ങൾക്കും ഓണക്കാലത്ത് വില്പന കൂടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

 ബ്യൂട്ടി പാർലറിൽ ബുക്കിംഗ്

ഓണവും വിവാഹ സീസണും അടുത്തതോടെ ബ്യൂട്ടി പാർലറുകൾ ബുക്കിംഗ് തിരക്കിലായി. പ്രമുഖ ബ്യൂട്ടി പാർലറുകളിൽ ഓണത്തോടടുത്ത ദിവസങ്ങളിലെ ബുക്കിംഗ് ഇപ്പോൾത്തന്നെ പൂർത്തിയായി.