sndp

ചേർത്തല: ആത്മീയതയുടെ അടിത്തറയിൽ നിന്നു മാത്രമേ ഭൗതികമായ നേട്ടങ്ങൾ കൈവരിക്കാനാകുകയുള്ളുവെന്നും ഇത് മനസിലാക്കിയാണ് യോഗം വൈദിക സമിതി രൂപീകരിച്ചതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിന്റെ സഹകരണത്തിൽ ശ്രീനാരായണ വൈദിക സമിതി ചേർത്തലയിൽ ആരംഭിച്ച വൈദിക പഠനകേന്ദ്രമായ വേദാഗമ വിദ്യാപീഠം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയങ്ങളെ മറികടക്കാൻ ആത്മീയതയുടെ അടിത്തറയ്ക്കൊപ്പം ഗുരുദർശനങ്ങൾ പ്രചരിപ്പിക്കണം. പല സ്ഥലങ്ങളിലും പലരീതിയിൽ നടക്കുന്ന വിവാഹ, മരണാനന്തര ചടങ്ങുകളിൽ ഏകീകരണം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന് നേതൃത്വം കൊടുക്കേണ്ടത് വൈദിക സമിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വൈദിക സമിതി സംസ്ഥാന പ്രസിഡന്റ് ഇ.കെ. ലാലൻതന്ത്റി അദ്ധ്യക്ഷനായി. വേദാഗമ വിദ്യാപീഠം ആചാര്യൻ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് ദീപപ്രകാശനം നടത്തി. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ,സെക്രട്ടറി വി.എൻ.ബാബു, വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി, പി.പി.സെൽവരാജ് ശാന്തി, അരുൺ ഗായത്രി എന്നിവർ സംസാരിച്ചു.

ഗുരുധർമ്മത്തിൽ അധിഷ്ഠിതമായ താന്ത്രിക വിദ്യ പുതിയ തലമുറയെ ശീലിപ്പിക്കുകയും ശാസ്ത്ര ബോധത്തോടെ ക്ഷേത്രാചാരം പരിരക്ഷിക്കുകയും സംസ്കൃത വേദ പഠനത്തിനൊപ്പം ഗുരുദേവ കൃതികളുടെ ദാർശനിക പഠനവും വൈദിക സമൂഹത്തെ ശീലിപ്പിക്കുകയാണ് വിദ്യാപീഠത്തിന്റെ ലക്ഷ്യം.