asatti

പരുമല സെമിനാരി എൽ.പി. സ്‌കൂളി​ൽ നിലത്തെഴുത്തിന് പുതുജീവൻ

മാന്നാർ: കുഞ്ഞുവി​രലുകളാൽ അക്ഷരങ്ങൾ കുത്തി​ക്കുറി​ച്ച് അറി​വി​ന്റെ ലോകത്തേയ്ക്ക് പി​ച്ചവച്ച് കയറി​യ മധുരസ്മരണകൾ ഏവർക്കും പ്രി​യപ്പെട്ടതാണ്. പുതുതലമുറയ്ക്ക് അന്യമായ അത്തരം ഓർമകൾ അവരെ പരി​ചയപ്പെടുന്ന ദൗത്യത്തി​ലാണ് പരുമല സെമിനാരി എൽ.പി. സ്‌കൂൾ . നിലത്തെഴുത്തിന് പുനരുജ്ജീവനമാണ് ഇവരുടെ ലക്ഷ്യം. ഇതി​നായി​ ആശാട്ടിയമ്മയുടെ സേവനം ഉപയോഗപ്പെടുത്തുകയാണി​വർ.

കടപ്ര പഞ്ചായത്ത് ആറാം വാർഡിൽ പരുമല ഗണപതി വിലാസം മലയിൽ തോപ്പിൽ അമ്മുക്കുട്ടിയമ്മ (65) യാണ് സ്കൂളി​ലെ ആശാട്ടി​യമ്മ. മുപ്പത്തിയഞ്ച് വർഷമായി നിലത്തെഴുത്തിലൂടെ അനേകം കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നവരാണ് അമ്മുക്കുട്ടിയമ്മ.

എൽ.കെ.ജിയിലും യു.കെ.ജിയിലും ഉള്ള വിദ്യാർത്ഥികൾ അക്ഷരങ്ങൾ പഠിച്ചു വളരുന്നത് ഈ ആശാട്ടിയമ്മയിലൂടെയാണു. കൂടാതെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ എഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി ആശാട്ടിയമ്മ പ്രത്യേക പരിശീലനവും നൽകി വരുന്നു.

പ്രായാധിക്യത്താൽ അവശതകൾ ഏറെ അനുഭവിക്കുന്നുണ്ടെങ്കിലും വർഷങ്ങളായി തുടർന്ന് വരുന്ന തൊഴിൽ ഉപേക്ഷിക്കുവാൻ അമ്മുക്കുട്ടിയമ്മയ്ക്ക് കഴിയുന്നില്ല. സ്‌കൂളിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം തന്റെ സ്വന്തം ചെലവുകൾക്കെങ്കിലും ഉപകാരപ്പെടുന്നുണ്ടെന്ന് അവർ പറയുന്നു വിധവയും രണ്ട് മക്കളുടെ മാതാവുമായ അമ്മുക്കുട്ടിയമ്മ. സെമിനാരി സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ അലക്‌സാണ്ടർ പി ജോർജിന്റെ നേതൃത്വത്തിലാണ് സ്കൂളി​ലെ പഠനേതര പ്രവർത്തനങ്ങൾ നടക്കുന്നത്. 'സർഗ വിദ്യാലയം' എന്ന പേരിൽ വിദ്യാർത്ഥികളിലെ കഴിവിനെ പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക ക്ലാസുകൾ ആരംഭിക്കുവാനുള്ള ഒരുക്കത്തി​ലാണ് അധി​കൃതർ.