tv-r

തുറവൂർ: ദേശീയപാതയിൽ തുറവൂർ പഞ്ചായത്ത് ഓഫീസിനു മുന്നിലെ മീഡിയനിലുള്ള കുറ്റിക്കാട്ടിൽ കയറിക്കൂടിയ തെരുവു നായ നാല് കുഞ്ഞുങ്ങളെ പ്രസവിച്ചു താമസമാക്കിയതോടെ ഇതുവഴിയുള്ള യാത്രക്കാർ ഭീതിയിലായി. അഞ്ചു ദിവസം പിന്നിട്ടിട്ടും നായയെയും കുഞ്ഞുങ്ങളെയും ഇവിടെനിന്ന് നീക്കാൻ കഴിഞ്ഞിട്ടില്ല.

പഞ്ചായത്ത് ഓഫീസിലേക്കു വരുന്നവർ ഭയത്തോടെയാണ് റോഡ് മുറിച്ചു കടക്കുന്നത്. ആളുകൾ ഡിവൈഡറിൽ കയറുമ്പോൾ നായ ഓടി വരും. ഇതുകണ്ട് വാഹനങ്ങൾ ശ്രദ്ധിക്കാതെ പെട്ടന്ന് നടന്നുനീങ്ങുന്നവർ അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് വിവരം ഫയർഫോഴ്സ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തങ്ങളുടെ ചുമതലയല്ലെന്ന് പറഞ്ഞ് അവർ പിൻമാറി. പ്രദേശത്ത് നാട്ടുകാർ ജാഗ്രതാ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് തുറവൂർ പുളിക്കോലിൽ വീട്ടിൽ ബി. പ്രസാദ് മൃഗ സംരക്ഷണ വകുപ്പ് മന്ത്രിക്ക് പരാതി നൽകി.