 നെഹ്രുട്രോഫി, സി.ബി.എൽ ആവേശത്തിൽ ആലപ്പുഴ

ആലപ്പുഴ: ആവേശം അണപൊട്ടിക്കുതിക്കുന്ന നെഹ്രുട്രോഫി വള്ളംകളിക്ക് ഇനി ഒരു പകലിരവു ദൈർഘ്യം മാത്രം. നാളെ രാവിലെ തുടങ്ങുന്ന മത്സരാവേശം വൈകുവോളം ജ്വലിച്ചു നിൽക്കുമ്പോൾ, മഴയ്ക്കോ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ 'അലർട്ടു'കൾക്കോ പുന്നമടയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല!

നെഹ്രുട്രോഫിയെന്ന 'പരാമ്പരാഗത' മത്സരപ്പേരിനൊപ്പം സി.ബി.എൽ എന്ന ചുരുക്കെഴുത്തിലുള്ള മത്സരഘടന കൂടി രംഗപ്രവേശം ചെയ്തതോടെ ഇക്കുറി പുന്നമടക്കായലിൽ തീപാറുന്ന പോരാട്ടത്തിനായിരിക്കും അരങ്ങുണരുന്നത്. നാളെ ഉച്ചവരെ ചെറുവള്ളങ്ങളുടെ ആദ്യപാദ മത്സരങ്ങൾ നടക്കും. ഉച്ചയ്ക്കു ശേഷമാവും നെഹ്രുട്രോഫിയും പ്രഥമ സി.ബി.എൽ മത്സരവും അരങ്ങേറുന്നത്.

സാധാരണ നെഹ്രുട്രോഫി വള്ളംകളി കഴിയുന്നതോടെ മത്സരവീര്യം അണയുന്നതാണ് പതിവ്. പിന്നെ അടുത്ത വർഷത്തെ നെഹ്രുട്രോഫിക്കായി കാത്തിരിക്കും. മറ്റുള്ള മത്സരങ്ങളൊന്നും അത്ര ഗൗരവമായി കാണാറില്ലായിരുന്നു. ഇക്കുറി അതല്ല, വളളംകളിയുടെ രൂപം തന്നെ മാറുകയാണ്. നെഹ്രുട്രോഫിയിൽ മിന്നിയാൽ പിന്നെ പതിനൊന്ന് മത്സരങ്ങളിലേക്കാണ് പരവതാനി വിരിക്കുന്നത്. വള്ളംകളിയുടെ പരമ്പര, അതാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രത്യേകത. പുന്നമടക്കായലിൽ നെഹ്രുട്രോഫിയിൽ നിന്ന് തൊടുത്തു വിടുന്ന വള്ളങ്ങൾ പതിനൊന്ന് മത്സരങ്ങളും കടന്ന് പ്രസിഡൻഷ്യൽ ട്രോഫിക്ക് കൊല്ലത്ത് തുഴയെറിയുമ്പോൾ ആരാണ് ഈ വർഷത്തെ കരുത്തൻ എന്നറിയാനാവും. ക്രിക്കറ്റ് ടൂർണമെന്റ് പോലെ നീളുന്ന മത്സരത്തിലേക്കാണ് വള്ളംകളി മാറുന്നത്. വള്ളംകളിയിലെ ചാമ്പ്യൻ ആരെന്ന് നിർണയിക്കുന്ന മത്സരം. അതിന്റെ കേളിയാണ് നാളെ മുഴങ്ങാൻ പാേകുന്നത്. ആലപ്പുഴയ്ക്ക് പുറമേ കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ നടക്കുന്ന മത്സരങ്ങളിലൊക്കെ, നെഹ്രുട്രോഫിയിൽ വേഗത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമെത്തുന്ന ഒൻപത് വള്ളങ്ങളാണ് പൊരുതുന്നത്. ഇതോടെ എല്ലാ മത്സരങ്ങൾക്കും പ്രസക്തി ഏറും. ഡിസംബർ വരെ പലദിവസങ്ങളായി നീണ്ടു നിൽക്കുന്ന മത്സരമായി വള്ളംകളി മാറുകയാണ്.

 ആഗസ്റ്റിനും ആശ്വാസം

തെളിഞ്ഞ അന്തരീക്ഷത്തിൽ, നിറഞ്ഞ സദസിൽ വള്ളങ്ങൾ പൊരുതുമ്പോഴാണ് മത്സരത്തിന്റെ വീറും വാശിയും ആവോളം ആസ്വദിക്കാനാവുക. കഴിഞ്ഞ വർഷം പ്രളയത്തെത്തുടർന്ന് മാറ്റിവച്ച വള്ളംകളി പിന്നെ നടത്തിയത് നവംബറിലായിരുന്നു. പ്രളയം തളർത്തിയ മനസുകളിൽ ആർപ്പോ വിളിക്കും അന്ന് അത്ര കുതിപ്പുണ്ടായില്ല. കാണികളുടെ എണ്ണത്തിലും കുറവുണ്ടായി. വിദേശികളാരും വന്നതുമില്ല. ഇക്കുറിയും മഴയും വെള്ളപ്പൊക്കവും മൂലം മാറ്റിവച്ച് വീണ്ടും നടത്തുകയാണെങ്കിലും ആവേശം കത്തി നിൽക്കുകയാണ്. ആഗസ്റ്റ് പത്തിന് നടക്കേണ്ടിയിരുന്ന വള്ളംകളി ഇരുപത് ദിവസം കഴിഞ്ഞ് ആഗസ്റ്റിൽത്തന്നെ നടത്താനായി. നെഹ്രുട്രോഫി 'മിസ്' ആയെന്ന ബുദ്ധിമുട്ടിൽ നിന്ന് ഇക്കുറി ആഗസ്റ്റിന് ആശ്വാസം നേടാനാവുകയും ചെയ്തു!

നാളെ വലിയ മഴ പെയ്യരുതേ എന്നാണ് ആലപ്പുഴയുടെ പ്രാർത്ഥന. ഇടയ്ക്കിടെ പെയ്യുന്ന മഴ സംഘാടകരെയും ആസ്വാദകരെയും ആകുലപ്പെടുത്തുന്നുണ്ട്. മഴ പെയ്താൽ കാണികളുടെ വരവിനെ ബാധിച്ചേക്കുമെന്നതാണ് ആശങ്ക. മത്സരത്തിന് ചൂടേറണമെങ്കിൽ മഴ മാറിനിൽക്കണം. കാണികളുടെ ആവേശം കത്തിക്കയറണം. അങ്ങനെയൊരു മത്സരത്തിനാണ് പുന്നമടക്കായൽ കാത്തിരിക്കുന്നത്.

 'ഓപ്പൺ' ചെയ്യാൻ സച്ചിൻ

വള്ളംകളിയെ ക്രിക്കറ്റിന്റെ മാതൃകയിലേക്ക് മാറ്റുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് 'ഓപ്പൺ' ചെയ്യാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ എത്തുന്നു എന്നതാണ് മറ്റൊരു ആവേശം. കഴിഞ്ഞ വർഷം സച്ചിൻ വരാനിരുന്നതാണ്. അന്ന് മാറ്റിവച്ചു. ഇക്കുറി സച്ചിൻ വരുമെന്നാണ് സംഘാടകർ പറയുന്നത്. സച്ചിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികൾ.