കായംകുളം: ഫോട്ടോ എടുക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി സ്റ്റുഡിയോ ഉടമയെ അടിച്ചു വീഴ്ത്തിയ ശേഷം ലക്ഷങ്ങൾ വിലയുള്ള കാമറയുമായി കടന്നു.
കായംകുളം പുതിയിടം കാർത്തിക സ്റ്റുഡിയോ ഉടമ ശിവകുമാറിനെ അടിച്ചുവീഴ്ത്തിയ ശേഷമാണ് കാമറയുമായി കടന്നത്. മുഖത്തും വലത് കണ്ണിനും പരിക്കേറ്റ ശിവകുമാറിനെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10 മണിയോടെ ബുള്ളറ്റിൽ സ്റ്റുഡിയോയിൽ എത്തിയ ആളാണ് തന്നെ കൂട്ടിക്കൊണ്ടു പോയതെന്ന് ശിവകുമാർ പൊലീസിന് മൊഴി നൽകി. പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥനാണെന്നാണ് വന്നയാൾ പരിചയപ്പെടുത്തിയത്. റോഡിൽ കൂട്ടി ഇട്ടിരിക്കുന്ന പാറയുടെ ഫോട്ടോ എടുക്കാനുണ്ടെന്ന് പറഞ്ഞാണ് ശിവകുമാറിനെയും കൂട്ടി ബുള്ളറ്റിൽ പോയത്. ദേശീയപായതിൽ നങ്ങ്യാർകുളങ്ങരെ വരെ പോയി ആദ്യം പടമെടുത്തു. പിന്നീട് കൊല്ലം ചവറയിൽ പോയും പടം എടുത്തു. തിരികെ കായംകുളം മുക്കട ജംഗ്‌ഷനിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് രണ്ട് മണിയോളമായി. വെള്ളം കുടിക്കാനായി ബുള്ളറ്റ് നിറുത്തിയപ്പോൾ കുമാർ ക്യാമറ അടങ്ങിയ ബാഗ് ബൈക്കിന് മുകളിൽ വച്ച് മാറിനിന്നു. ഈ സമയത്ത് മുഖത്ത് ആഞ്ഞിടിച്ച് വീഴ്ത്തിയ ശേഷം ബുള്ളറ്റ് സ്റ്റാർട്ടാക്കി കാമറയുമായി കടന്നു കളഞ്ഞു.മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന കാമറയും ലെൻസുമാണ് അപഹരിച്ചത്. മോഷ്ടാവിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കായംകുളം പൊലീസ് അന്വഷണം തുടങ്ങി.