ചാരുംമൂട്: നിനച്ചിരിക്കാതെ വന്ന ക്രൂരമായ വിധി 18കാരിയായ ശരണ്യയെ ഉലച്ചുകളഞ്ഞപ്പോൾ എരുമക്കുഴി നിവാസികളുടെ ഉള്ളിലെ നന്മമരം ഒരു തണലായ് പെയ്തിറങ്ങുകയായിരുന്നു. ചെറുപ്രായത്തിൽ തന്നെ ആരോരുമില്ലാത്തവളായി മാറിയ ശരണ്യയെ ഷിനു ജീവിതപങ്കാളിയാക്കിയപ്പോൾ അത് ഈ നാടിന്റെ കരുതലിന്റെ അടയാളമായി.
അഞ്ചു സെന്റ് ഭൂമിയിൽ പാലമേൽ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ കൊച്ചു വീട്ടിലായിരുന്നു പാലമേൽ എരുമക്കുഴി ഇളയശ്ശേരിൽ വടക്കേതിൽ കൊച്ചുമണി (49)യും മകൾ ശരണ്യയും കഴിഞ്ഞുവന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് അസുഖബാധിതയായി കൊച്ചുമണി കിടപ്പിലായതോടെ ഇവരുടെ ജീവിതത്തിലേയ്ക്ക് വിധിയുടെ കരങ്ങൾ കരുണയില്ലാതെ കടന്നുവരുകയായിരുന്നു. മനുഷ്യപറ്റുള്ള കുറച്ചാളുകൾ വാർഡ് മെമ്പറും വികസനക്കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപെഴ്സണുമായ എസ്.രാധികക്കുഞ്ഞമ്മയുടെ നേതൃത്വത്തിൽ ഇവർക്ക് തുണയാകുകയായിരുന്നു. കഴിയാവുന്ന രീതിയിലൊക്കെ അമ്മയെയും മകളെയും ഇവർ സഹായിച്ചു. പാലിയേറ്റീവ് നഴ്സ് ജലജയും ആശാ പ്രവർത്തകരായ അനിതയും വിജയമ്മയും കൊച്ചുമണിയെ പരിപാലിച്ചു. ആഗസ്റ്റ് ആറിന് കൊച്ചുമണി ലോകത്തോട് യാത്ര പറഞ്ഞപ്പോൾ ശരണ്യ തീർത്തും നിരാലംബയായി. പിന്നെ ശരണ്യയ്ക്ക് ഒരു തുണയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഇവർ ശ്രമമാരംഭിച്ചു. അതാണ് ഇന്നലെ ശരണ്യയെ ഷിനുവിനെ കൈപിടിച്ചേൽപ്പിച്ചപ്പോൾ സഫലമായത്. പെരുന്നാട് വെൺകുളം കുന്നംങ്കര കെ.ജി.സോമൻ - ജലജ ദമ്പതികളുടെ മകനാണ് ഷിനു. ആർഭാടങ്ങൾക്ക് വലിയ കുറവ് വരുത്താതെ എരുമക്കുഴി കുന്നിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സന്നിധിയിൽ നടത്തിയ കല്യാണത്തിന് ആയിരത്തോളം പേർ പങ്കെടുത്തു. 11 പവൻ സ്വർണവും വിഭവസമൃദ്ധമായ സദ്യയും മറ്റ് ആഘോഷങ്ങളും ഒരുക്കിയിരുന്നു. ഷിനുവിന്റെ ജീവിതത്തിലേയ്ക്ക് ശരണ്യ കൈപിടിച്ചുകയറിയപ്പോൾ അത് ഇന്നാട്ടുകാരുടെ പ്രാർത്ഥനയുടെയും ഉള്ളിലെ നന്മയുടെയും സാഫല്യമായി.