ചാരുംമൂട്: ജംഗ്ഷനിൽ പ്രവർത്തിയ്ക്കുന്ന ബെസ്റ്റ് ബേക്കറിയിലുണ്ടായ തീപിടുത്തത്തിൽ 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായി.
മലപ്പുറം സ്വദേശി മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. ഇന്നലെ പുലർച്ചെ 4-30 ഓടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിയമനം. പത്രവിതരണത്തിനെത്തിയവരാണ് കടയിൽ നിന്ന് തീയും പുകയുമുയരുന്നത് കണ്ടത്.ഉടൻ തന്നെ നൂറനാട് പൊലീസിലും ഫയർ ഫോഴ്സിലും വിവരമറിയിച്ചു. ഈ സമയം ജംഗ്ഷനിലുണ്ടായിരുന്നവർ ചേർന്ന്
സമീപത്തെ തട്ടുകടയിൽ നിന്നുൾപ്പെടെ വെള്ളം കൊണ്ടുവന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കടയ്ക്കു സമീപത്തായി പൊതു ടാപ്പില്ലാതിരുന്നതിനാൽ വെള്ളം ശേഖരിക്കാനും ബുദ്ധിമുട്ടുണ്ടായി. അടൂർ, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നായി അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ പൂണ്ണമായും അണച്ചത്. സമീപത്തെ കടകളിലേക്ക് ഒന്നും തന്നെ തീ പടരുന്നതിന് മുമ്പായി തന്നെ തീ അണയ്ക്കാൻ കഴിഞ്ഞിരുന്നു. ബേക്കറി സാധനങ്ങൾക്കൊപ്പം കടയുടെ ഉൾഭാഗവും പൂർണമായി കത്തിക്കരിഞ്ഞു.
ഫ്രീസറുകൾ, ഫ്രിഡ്ജുകൾ, അലമാരകൾ തുടങ്ങിയവയും കത്തിനശിച്ചു. ഇരുപത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
അടുത്ത കാലത്തായി ജംഗ്ഷനിലെ കടകളിലും സ്ഥാപനങ്ങളിലും രാത്രി സമയം തീപിടുത്തമുണ്ടായി വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.നിലവിൽ മാവേലിക്കര, കായംകുളം, അടൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവിടേക്ക് അഗ്നിശമന യൂണിറ്റ് എത്തുന്നത്. തീപിടുത്തമുണ്ടായാൽ ഇവിടേക്കെത്താൻ 14 മുതൽ 20 കിലോമീറ്റർ വരെ ദൂരം ഉണ്ട്. ഇത് മൂലം മിക്കപ്പോഴും തീപിടുത്തത്തിന്റെ വ്യാപ്തിയും വർദ്ധിയ്ക്കാൻ കാരണമാകുന്നു.
ചാരുംമൂട് കേന്ദ്രമായി അഗ്നിശമന സേനാ യൂണിറ്റ് തുടങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.