ആലപ്പുഴ: കായലിലെ കരുത്തിന്റെ തുഴത്താളവുമായി 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയും ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) ആദ്യമത്സരവും ഇന്ന് പുന്നമടക്കായലിൽ. ഉച്ചയ്ക്ക് രണ്ടിന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സി.ബി.എൽ ഉദ്ഘാടനം നിർവഹിക്കും. നെഹ്‌റു ട്രോഫി വള്ളംകളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരൻ, പി. തിലോത്തമൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ടു വരെ സാംസ്‌കാരിക പരിപാടികളും നടക്കും.
79 ജലരാജാക്കന്മാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ചുണ്ടൻ മത്സരയിനത്തിൽ 20ഉം പ്രദർശന മത്സരത്തിൽ മൂന്നും ഉൾപ്പെടെ 23 വള്ളങ്ങളുണ്ട്. വെപ്പ് എ ഗ്രേഡിൽ 10, ബി ഗ്രേഡിൽ 6, ഇരുട്ടുകുത്തി എ ഗ്രേഡിൽ 4, ബി ഗ്രേഡിൽ 16, സി ഗ്രേഡിൽ 10, ചുരുളൻ 4, തെക്കനോടി 6 ഉൾപ്പെടെ 56 ചെറുവള്ളങ്ങളും മത്സര രംഗത്തുണ്ട്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. വൈകിട്ട് 5ന് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരവും. ഏറ്റവും വേഗത്തിലും കുറഞ്ഞ സമയത്തിലുമെത്തുന്ന 9 വള്ളങ്ങളെ അണിനിരത്തിയാണ് ചാമ്പ്യൻസ് ബോട്ട് ലീഗിലെ 12 മത്സരങ്ങൾ നടത്തുന്നത്. ആലപ്പുഴയ്ക്ക് പുറമേ, കോട്ടയം, എറണാകുളം ജില്ലകളിലായി നടക്കുന്ന സി.ബി.എൽ മത്സരങ്ങൾ കൊല്ലത്തെ പ്രസിഡൻഷ്യൽ ട്രോഫി വള്ളംകളിയോടെ സമാപിക്കും. ലീഗ് വള്ളംകളിയിലെ ചാമ്പ്യനെ കണ്ടെത്തുന്നത് അവസാന മത്സരത്തിൽ നിന്നാണ്. എെ.പി.എൽ മാതൃകയിൽ വള്ളംകളി മാറുന്നുവെന്നതാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രത്യേകത.