ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം സെപ്തംബർ മൂന്നിന്
പൂച്ചാക്കൽ: തങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കാൻ ഒരു പാലമെന്ന പെരുമ്പളം ദ്വീപ് നിവാസികളുടെ ദീർഘകാല പ്രതീക്ഷകൾ ആദ്യ ഘട്ടത്തിലേക്കു കടക്കുന്നു. പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം സെപ്തംബർ 3ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
പെരുമ്പളം ദ്വീപിൽത്തന്നെ ചടങ്ങ് നടത്താനാണ് ആലോചന. മന്ത്രിമാരായ ജി.സുധാകരൻ, ടി.എം.തോമസ് ഐസക്ക്,എ.എം.ആരിഫ് എം.പി എന്നിവർ പങ്കെടുക്കും. സൊഗോറാ ഇൻകെൽ കൺസോർഷ്യം കമ്പനിക്കാണ് പാലം നിർമ്മാണത്തിന്റെ കരാർ. ദ്വീപിനെ വടുതലയുമായിട്ടാണ് ആദ്യഘട്ടത്തിൽ പാലം വഴി ബന്ധിപ്പിക്കുന്നത്. രണ്ടുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ചേർത്തല-അരൂക്കുറ്റി റോഡിൽ നിന്ന് പെരുമ്പളം ദ്വീപ് വഴി വൈക്കം-പൂത്തോട്ട, തൃപ്പൂണിത്തുറ പാതയുമായി ബന്ധിപ്പിക്കാൻ കഴിയുന്ന വിധം രണ്ടാംഘട്ടത്തിൽ പെരുമ്പളം-വട്ടവയൽ പാലവും തുടർന്ന് വട്ടവയൽ-പൂത്തോട്ട പാലവും നിർമ്മിക്കുമെന്ന് മന്ത്രി ജി.സുധാകരൻ വ്യക്തമാക്കിയിരുന്നു.
വടുതല ഭാഗത്ത് 300 മീറ്റർ നീളത്തിലും പെരുമ്പളത്ത് 250 മീറ്റർ നീളത്തിവും സമീപന റോഡ് നിർമ്മിക്കും. വടുതലയിൽ 70 സെന്റും പെരുമ്പളത്ത് 184 സെന്റും ഏറ്റെടുത്തിട്ടുണ്ട്. പതിനായിരത്തിലേറെപേർ താമസിക്കുന്ന പെരുമ്പളം ദ്വീപ് പഞ്ചായത്തിൽ സ‌്കൂളുകളും സർക്കാർ ഓഫീസുകളും ബാങ്കുകളും ആരോഗ്യകേന്ദ്രവും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുണ്ട്. ബോട്ടും ജങ്കാറുമാണ് മറുകരയിലെത്താൻ ആശ്രയം. വിനോദ സഞ്ചാരവികസനം ഉൾപ്പെടെ സാദ്ധ്യതകൾ ഏറെയുണ്ടെങ്കിലും യാത്രാസൗകര്യം പ്രധാന തടസമായിരുന്നു. പാലം യാഥാർത്ഥ്യമാകുന്നതോടെ ദ്വീപിന്റെ മുഖച്ഛായ തന്നെ മാറും.
..............................................................
# പാലച്ചുരുക്കം
അടങ്കൽ തുക: 100 കോടി
അനുവദിച്ചത്: 4.86 കോടി
ആകെ നീളം: 1110 മീറ്റർ
ആകെ വീതി: 11 മീറ്റർ
റോഡിന്റെ വീതി: 7.5 മീറ്റർ
ആകെ ഏറ്റെടുത്തത്: 254 സെന്റ്
........................................
# സ്പാനുകൾ 27
55 മീറ്ററാണ് പാലത്തിന്റെ മദ്ധ്യഭാഗത്തെ മൂന്ന‌് ജലഗതാഗത സ‌്പാനുകളുടെ നീളം. 35 മീറ്റർ നീളത്തിലുള്ള 27 സ‌്പാനുകൾ ചേരുന്നതാണ് പാലം. ബോ സ്ട്രിംഗ് ആർച്ച് ബ്രിഡ‌്ജ‌് എന്ന നവീന രൂപകൽപ്പനയാണ് മദ്ധ്യഭാഗത്തെ മൂന്ന് സ‌്പാനുകൾക്കുള്ളത‌്. രണ്ടുവരി ഗതാഗതത്തിനുള്ള 7.5 മീറ്റർ പാതയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതകളും അടക്കം 11 മീറ്റർ വീതിയിലാണ് നിർമാണം.