തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെ ആലയ്ക്കാപറമ്പിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ദേശീയപാതയ്ക്കരികിലെ താഴ്ന്നതും കാടുകയറിയതുമായ ഈ സ്ഥലത്താണ് ജപ്പാൻ കുടിവെള്ള പൈപ്പിന്റെ വാൽവ് ചേംബർ സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് കക്കൂസ് മാലിന്യം ഒഴുകി കുടിവെള്ള പൈപ്പിൽ കലരാനുള്ള സാദ്ധ്യതയും ഇതോടെ വർദ്ധിച്ചു.
രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കക്കൂസ് മാലിന്യം എത്തിച്ച് ഇവിടെ തള്ളുന്നത് പതിവായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. മാലിന്യങ്ങൾ തള്ളുന്നത് ശിക്ഷാർഹമാണെന്ന് സൂചിപ്പിച്ച് പഞ്ചായത്ത് സ്ഥാപിച്ച നോട്ടീസും കാടുകയറിയ നിലയിലാണ്. പ്രദേശവാസികൾക്കും യാത്രക്കാർക്കും നാൾക്കുനാൾ ആരോഗ്യ ഭീഷണിയാവുന്ന കക്കൂസ് മാലിന്യം മൂലം നാട്ടിലെ ജലാശയങ്ങൾ മലിനമാകുന്നുമുണ്ട്. ജലാശയങ്ങളിൽ ഇറങ്ങുന്നവർക്ക് കൈയ്ക്കും കാലിനും പുകച്ചിൽ, ചുമ, ശ്വാസംമുട്ടൽ, ശരീരമാകെ ചൊറിച്ചിൽ തുടങ്ങിയവ അനുഭവപ്പെടുന്നുണ്ട്. അടിയന്തരമായി റോഡരികിലെ കുറ്റിക്കാടുകൾ വെട്ടിമാറ്റുകയെങ്കിലും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.