രണ്ടുമാസത്തെ ശമ്പളം മുടങ്ങി
3.5 കോടിയുടെ ഉത്പന്നങ്ങൾ നശിക്കുന്നു
ആലപ്പുഴ: സർക്കാർ വാങ്ങിയ നൂലിന്റെ വിലയായ ആറു കോടിയോളം രൂപ കുടിശികയായതോടെ പഞ്ഞി വാങ്ങാൻ പണമില്ലാതെ ഒന്നര മാസം മുമ്പ് പ്രവർത്തനം അവസാനിപ്പിച്ച കോമളപുരം സ്പിന്നിംഗ് മില്ലിലെ തൊഴിലാളികൾ 'കണ്ണീരോണം' ദു:സ്വപ്നം കാണുന്നു. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്. മില്ലിൽ ഉത്പാദിപ്പിച്ച 3.5 കോടിയുടെ നൂലും വസ്ത്രങ്ങളും കയറ്റുമതി ചെയ്യാനാവാതെ നശിച്ചുതുടങ്ങി.
300 ബാഗിലായി പായ്ക്ക് ചെയ്ത 1800 കിലോ നൂലാണ് നശിക്കുന്നത്. കിലോയ്ക്ക് 250 രൂപയോളം വരുമെന്ന് തൊഴിലാളികൾ പറയുന്നു. ഇതിനുപുറമേ 5 സ്പിന്നിംഗ് മെഷീനുകളിൽ നിർമ്മിച്ച അരക്കോടി രൂപ വരുന്ന വിവിധതരം വസ്ത്രങ്ങളും പായ്ക്ക് ചെയ്തു വച്ചിരിക്കുന്നു. നൂലും വസ്ത്രങ്ങളും കെട്ടിക്കിടക്കുന്നത് മില്ലിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കും. രണ്ടാം ഘട്ടമായി 19 മെഷീനുകൾ സ്ഥാപിച്ചെങ്കിലും വൈദ്യുതിയുടെ അഭാവം മൂലം പ്രവർത്തിപ്പിക്കാനാവുന്നില്ല. നിലവിൽ 600 കെ.വിയിലാണ് 5 മെഷീൻ പ്രവർത്തിക്കുന്നത്.19 മെഷീൻ പ്രവർത്തിക്കാൻ 1500 കെ.വി വേണം. ഇതിന് 80 ലക്ഷം രൂപയാവും. 43 ലക്ഷം രൂപ ചെലവഴിച്ച് പാതിരപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിൽ നിന്ന് വൈദ്യുതി ലൈൻ വലിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ വൈകുന്നതാണ് രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനത്തിന് തടസം.
# അവകാശവാദ തർക്കം
തൊഴിലാളികൾക്ക് ഓണക്കാല ആനുകൂല്യത്തിനായി 85 ലക്ഷം രൂപ അനുവദിച്ചതിന്റെ 'ക്രെഡിറ്റി'നെച്ചൊല്ലി തർക്കം. പണം ലഭിച്ചതിൽ ആരുടെയും ഇടപെടലില്ലെന്ന് എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂണിയൻ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പൊതുമേഖല സ്ഥാപനമായ കേരള ടെക്സ്റ്റയിൽസ് കോർപ്പറേഷന്റെയും ടെക്‌സ് ഫെഡിന്റെയും കീഴിലുള്ള 17 സ്പിന്നിംഗ് മില്ലിലെ ജീവനക്കാർക്ക് ഓണക്കാല ആനുകൂല്യങ്ങൾ വിതരണം ചെയ്യാനായി അനുവദിച്ച 10 കോടിയിൽ നിന്ന് 85 ലക്ഷം രൂപ കോമളപുരം സ്പിന്നിംഗ് മില്ലിലെ തൊഴിലാളികൾക്ക് മുൻകാലങ്ങളിലെ പോലെയാണ് അനുവദിച്ചതെന്ന് നേതാക്കൾ പറഞ്ഞു. ചില യൂണിയനുകളുടെ ഇടപെടൽ മൂലമാണ് ഓണക്കാല ആനുകൂല്യത്തിന് തുക അനുവദിച്ചതെന്ന പ്രചാരണം തൊഴിലാളികളിൽ തെറ്റിദ്ധരണ പരത്താൻ വേണ്ടിയുള്ളതാണെന്നും യൂണിയൻ നേതാക്കളായ ടി.ആർ.ആനന്ദൻ (എ.ഐ.ടി.യു.സി), ജി.ലാൽ (ഐ.എൻ.ടി.യു.സി), ആർ.രാജീവ് (ബി.എം.എസ്) എന്നിവർ പറഞ്ഞു.