മാന്നാർ: ചെറിയ മഴ പെയ്താൽ റോഡൊന്ന് കടക്കാൻ നീന്തൽ അറിയണം. മാന്നാർ മൂന്നാം വാർഡിലെ പാവുക്കര വഞ്ചിമുക്ക് കിളുന്നേരിൽ പടി റോഡിന്റെ അവസ്ഥയെക്കുറിച്ചാണ് പറയുന്നത്. വർഷങ്ങളായി തകർന്നു കിടക്കുന്ന ഈ റോഡിൽ ചെറിയൊരു മഴ പെയ്താൽ മതി വെള്ളക്കെട്ട് രൂപപ്പെടും. നാൽപതിലേറേ കുടുംബങ്ങളും ഈ റോഡിനിരുവശത്തുമായി താമസിക്കുന്നുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പാണ് റോഡ് ടാർ ചെയ്തത്. ടാറും മെറ്റലുകളൊമൊക്കെ ഇളകി ഇരു ചക്രവാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഇതുവഴിയുള്ള സഞ്ചാരം ദുസഹമായിരിക്കുകയാണ്. പ്രധാന ദേവാലയമായ പാവുക്കര ജുമാമസ്ജിദിലേക്കുളള വിശ്വാസികളും മദ്രസാ വിദ്യാർത്ഥികളും ദിവസേന സഞ്ചരിക്കുന്ന പാതയാണിത്. വർഷങ്ങളായുള്ള യാത്രാ ദുരിതത്തിനു എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാവുക്കര വഞ്ചിമുക്ക് കിളുന്നേരിൽ പടി റോഡ് തകർന്ന് കിടക്കുന്നത് ശരിയാക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് സജി ചെറിയാൻ എം.എൽ.എ അറിയിച്ചു. എന്നാൽ ഇതുവരെ നടപടി ഒന്നുമായിട്ടില്ല. ജനസഞ്ചാരം സുഗമാക്കുന്നതിന് തകർന്ന റോഡ് ശരിയാക്കുന്നതിനുള്ള സത്വര നടപടി എം.എൽ.എ കൈകൊള്ളണം.
ചാക്കോ കയ്യത്ര, വാർഡ് മെമ്പർ