 മോട്ടോർ വാഹന നിയമഭേദഗതി നിയമം പ്രാബല്യത്തിലേക്ക്

 കുറഞ്ഞ പിഴത്തുക നൂറിൽ നിന്ന് ആയിരത്തിലേക്ക്

ആലപ്പുഴ:ഹെൽമെറ്റ് വച്ചില്ലെങ്കിൽ ഇപ്പോൾ പിഴ 100 രൂപ; ഓ, അതൊരു വിഷയമാണോ... (ആത്മഗതം ഒന്ന്). സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴ 100 രൂപ; പിന്നേ, കാറ് വാങ്ങാമെങ്കിലാണോ നൂറു രൂപ... (ആത്മഗതം രണ്ട്). ലൈസൻസ് ഇല്ലെങ്കിൽ പിഴ 500 രൂപ; ലൈസൻസ് എടുക്കുന്ന ബുദ്ധിമുട്ട് ആലോചിക്കുമ്പോ ഇതെന്ത്... (ആത്മഗതം മൂന്ന്)...

വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ ഇതുൾപ്പെടെ ഇരുപതോളം 'ആത്മഗത'ങ്ങൾ സ്ഥിരം പറയുന്ന 'ഉഴപ്പൻ'മാർക്ക്, ഒരുപക്ഷേ ഇനി കൂടുതൽ അവസരങ്ങൾ കിട്ടിയെന്നു വരില്ല. നാളെ സെപ്തംബർ ഒന്ന്. മോട്ടോർ വാഹന നിയമം ലംഘിക്കുന്നവർക്കുള്ള പിഴശിക്ഷയുടെ കനം പതിൻമടങ്ങാവുന്ന ആദ്യ മാസം.

നൂറു രൂപയെന്ന ഏറ്റവും ചെറിയ പിഴത്തുക ആയിരത്തിലെത്തും. അഞ്ഞൂറ് അയ്യായിരവും രണ്ടായിരം പതിനായിരവുമായി രൂപാന്തരം പ്രാപിക്കും. വെള്ളമടിച്ചുകൊണ്ട് വണ്ടിയുമായി ഇറങ്ങിയാൽ ഇപ്പോൾ പരമാവധി രണ്ടായിരം രൂപവരെയാണ് പിഴ. ഇനി ഇത് 10,000 വരെയാവും. അതായത്, 100 രൂപ ഷെയറിട്ട് അടിച്ച ശേഷമാണ് വണ്ടിയുമായി കുടുങ്ങുന്നതെങ്കിൽ നൂറിരട്ടി തുക പിഴയായി നൽകണം! പക്ഷേ, ആശ്വസിക്കാൻ ഇപ്പോഴും വകയുണ്ട്; നാളെ മുതൽ പിഴ വർദ്ധന നടപ്പാക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഇതുവരെ നിർദ്ദേശം ലഭിച്ചിട്ടില്ലത്രെ.

കഴിഞ്ഞ ജൂലായ് 15നാണ് റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന നിയമഭേദഗതി പാർലമെന്റ് പാസാക്കിയത്. ജില്ലയിൽ ഏറ്റവും അധികം പിഴ ഇൗടാക്കുന്ന മോട്ടോർ വാഹന നിയമ ലംഘനം ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്രയാണ്. ഒരു ദിവസം 500ൽ അധികം കേസുകളാണ് വിവിധ ആർ.ടി ഓഫീസ് പരിധികളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസ് എടുക്കും. വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കും. അപകടം ഉണ്ടാക്കുന്ന വാഹനം നിറുത്തിയില്ലെങ്കിൽ നഷ്ടപരിഹാര തുകയും വർദ്ധിപ്പിച്ചിട്ടുണ്ട്. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ 25,000 മുതൽ ഒരു ലക്ഷം വരെ പിഴ ഇൗടാക്കും.

നിയമം പ്രാബല്യത്തിൽ വരുന്നതിനു മുന്നോടിയായി 'ട്രാഫിക് നിയമങ്ങൾ പാലിക്കൂ, നിങ്ങളുടെ കാശ് ലാഭിക്കൂ' എന്ന പ്രചാരണം മോട്ടോർ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിട്ടിയും നടത്തിയിരുന്നു. പൊതുസ്ഥലങ്ങളായ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പുതിയ പിഴത്തുക സംബന്ധിച്ച ബോർഡുകൾ സ്ഥാപിച്ചു.

....................................

 നിലവിലെ പിഴത്തുക (ബ്രായ്ക്കറ്റിൽ പുതിയ പിഴ)

# ലൈസൻസ് ഇല്ലെങ്കിൽ ............................................. 500 (5,000)

# ഇൻഷ്വറൻസ് ഇല്ലെങ്കിൽ ............................................. 1000 (2,000)

# ആംബുലൻസിന്റെ വഴി മുടക്കിയാൽ..................... ...ഇല്ല (10,000)

# മദ്യപിച്ച് ഒാടിച്ചാൽ .......................................................2000 (10,000)

# ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ......................100 (1,000)

# ട്രാഫിക് നിയമലംഘനം ............................................... 100 (10,000, മൂന്ന് മാസം അയോഗ്യത)

# മത്സര ഡ്രൈവിംഗ്......................................................... 500 (5,000)

# പെർമിറ്റില്ലാതെ ഒാടിച്ചാൽ............................................5000 വരെ (10,000 വരെ)

# ഫോണിൽ സംസാരിച്ച് ഒാടിച്ചാൽ .......................... 1000 (10,000)

# ടിക്കറ്രിലാത്ത യാത്ര ..................................................... 200 (500)

# രൂപമാറ്റം വരുത്തിയ വാഹനം ................................... ഇല്ല (5,000)

# അമിത വേഗം (ചെറിയ വാഹനം)................................400 (1,000)

# അമിത വേഗം (ഇടത്തരം) ........................................... 400 (2,000)

# അപകടകരമായ ഡ്രൈവിംഗ് ....................................1000 (5,000)

# മത്സരപ്പാച്ചിൽ ............................................................... 500 (5,000)

# അമിത ഭാരം ...................................................................2000 (20,000)

# ബസിൽഅധികം യാത്രക്കാർ ....................................ഇല്ല (1,000)

# ബൈക്കിൽ കൂടുതൽ പേർ ......................................... 100 (20,00- മൂന്നു മാസം ലൈസൻസ് റദ്ദാക്കൽ)

# അയോഗ്യത ഉള്ളപ്പോൾ ഡ്രൈവിംഗ്............................500 (10,000)

.......................................

'പുതിയ നിയമഭേദഗതി പ്രകാരം കൂടുതൽ പിഴ ഇൗടാക്കുന്നത് പൊതുജനങ്ങളുടെ കാശ് വാങ്ങാനല്ല, അപകടങ്ങൾ കുറയ്ക്കാനാണ്'

(മോട്ടോർ വാഹന വകുപ്പ് അധികൃതർ)

................................................

 ആശയക്കുഴപ്പം ബാക്കി

കേന്ദ്രസർക്കാർ പാസാക്കിയ മോട്ടോർ വാഹന നിയമഭേദഗതി നാളെ മുതൽ നടപ്പാക്കുമോ എന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും പുതിയ പിഴത്തുക ഈടാക്കണമെന്ന നിർദ്ദേശം വന്നിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.