നെഹ്രുട്രോഫി ഇന്ന്
സി.ബി.എല്ലിനും തുടക്കം
ആലപ്പുഴ: പോരാട്ട വീര്യവും കരുത്തും ആവേശവും തുല്യം ചേർന്ന് തുഴപിടിക്കുന്ന നെഹ്രുട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ നടക്കും. പ്രളയവും പേമാരിയും നെഞ്ചുനീറ്റിയ ഓർമ്മകളുമൊക്കെ ഇന്നത്തേക്കു മറന്നുകൊണ്ട് കുട്ടനാടുൾപ്പെടെ ഒഴുകിയെത്തും, ഈ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ. ആവേശത്തിന് ഇരട്ടി മധുരം പകരാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ സാന്നിദ്ധ്യവുമുണ്ടാവും.
വള്ളംകളിയിൽ പുതിയ ചരിത്രം രചിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിനും ഇന്ന് തുടക്കമാവുകയാണ്.
ഇന്നത്തെ പകൽ പിറക്കുന്നത് വള്ളംകളിയുടെ ആരവങ്ങൾക്ക് കാതോർത്തുകൊണ്ടാണ്. എങ്ങും ഒരേ വിചാരം മാത്രം, വള്ളംകളി. ആലപ്പുഴയുടെ പ്രൗഢിയുടെയും പ്രതാപത്തിന്റെയും നേർകാഴ്ചയായ വള്ളംകളി ആവോളം ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണികൾ എത്തും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും എത്തിക്കഴിഞ്ഞു. മനസിന്റെ കരുത്തും മസിലിന്റെ തുടിപ്പും സമന്വയിപ്പിക്കുന്ന മത്സരത്തിനൊപ്പം പായാൻ ആലപ്പുഴയുടെ മനസ് വെമ്പുകയാണ്. ഇതൊരു കാഴ്ചതന്നെയാണ്, ആലപ്പുഴയിൽ മാത്രം കാണുന്ന കാഴ്ച. വള്ളംകളിയെ ദേശീയതലത്തിലേക്ക് ഉയർത്താൻ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ കേളിയും ഇന്നുയരും. എെ.പി.എൽ ക്രിക്കറ്റ് മത്സരം പോലെ വള്ളംകളി മാറാൻ പോവുകയാണ്. ആലപ്പുഴയുടെ സ്വന്തം വള്ളംകളി അങ്ങനെ അതിർത്തികൾ കടന്നുപോകുന്ന സുന്ദര നിമിഷത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
രാവിലെ 11 മുതൽ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കുന്നതോടെ ഒരുപകൽ മുഴുവൻ നീളുന്ന ജലോത്സവമായി മാറും. ഉച്ചയ്ക്ക് ശേഷം ഫൈനൽ മത്സരങ്ങളും ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങളും. 20 ചുണ്ടൻവള്ളങ്ങളിലാണ് മത്സരം തുള്ളിത്തകർക്കുന്നത്. മെയ് മറന്നുള്ള തുഴച്ചിലിൽ വള്ളങ്ങൾക്കൊപ്പം കാണികളുടെ മനസും ചിറകുവിടർത്തി പറക്കുമ്പോൾ പുന്നമടക്കായലിന്റെ ഓളങ്ങളിൽ അത് മറ്റൊരു കുതിപ്പാവും.
കുട്ടനാടൻ പുഞ്ചയിലെ തിത്തൈ തകതൈതൈതോം... എന്ന് കേരളക്കര ഒന്നാകെ കേട്ടുശീലിച്ച ഈരടികൾ നേരിട്ടും അല്ലാതെയും പറന്നെത്തുന്ന ദിനം. ജലരാജാക്കൻമാർ കച്ചമുറുക്കുകയാണ്. കാരിച്ചാലും നടുഭാഗവും പായിപ്പാടനും ചമ്പക്കുളവും ജവഹർ തായങ്കരിയുമൊക്കെ കുതിച്ചുപാഞ്ഞു വരുന്നതു കാണുമ്പോഴുണ്ടാവുന്ന ആ അനുഭൂതിയുണ്ടല്ലോ, അത് നേരിട്ട് അറിയുകതന്നെ വേണം...
തുടക്കം രാവിലെ 11ന്
ചെറുവള്ളങ്ങളുടെ മത്സരങ്ങൾ രാവിലെ 11ന് ആരംഭിക്കുമെങ്കിലും ചുണ്ടൻമാർ കളത്തിലിറങ്ങുന്നത് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമാണ്. സച്ചിൻ മുഖ്യാതിഥിയാവുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സി.ബി.എൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നെഹ്രുട്രോഫി ജലമേള ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ ജി. സുധാകരൻ, തോമസ് ഐസക്, പി. തിലോത്തമൻ തുടങ്ങിയവർ പങ്കെടുക്കും.