s

ഇരുവൃക്കകളും തകരാറിലായ തടിമില്ല് തൊഴിലാളി സുമനസുകളുടെ സഹായം തേടുന്നു
മാന്നാർ:ഇരുവൃക്കകളും തകരാറിലായ തടിമില്ല് തൊഴിലാളി ചികിത്സയ്ക്കായി സഹായം തേടുന്നു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കാരാഴ്മ കിഴക്ക് ഈഴത്തിൽ തറയിൽ ഇ. എൻ ജനാർദ്ദനനാ (57)ണ് ചി​കി​ത്സയ്ക്ക് വഴി​യി​ല്ലാതെ ബുദ്ധി​മുട്ടുന്നത്.
പ്രമേഹ രോഗ ബാധയെ തുടർന്ന് 10 വർഷം തുടർച്ചയായി ഗുളികകൾ കഴിച്ചിരുന്ന ജനാർദ്ദനന് നാല് വർഷം മുമ്പാണ് വൃക്ക രോഗം തിരിച്ചറിഞ്ഞത്. ശരീരമാകെ നീര്, വയറുവേദന, ഛർദ്ദിൽ, ശ്വാസം മുട്ടൽ, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധ പരിശോധനയിൽ രണ്ട് വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി. ഇതോടെ തടിമില്ലിൽ പണിചെയ്ത് കുടുംബം പുലർത്തിയിരുന്ന ഇയാൾക്ക് പണിക്ക് പോകാൻ കഴിയാതായി.
ഒരുമാസം 25000 രൂപയോളം ഇപ്പോൾ ചികിത്സയ്ക്കായി വേണ്ടിവരും. കൊല്ലം നീണ്ടകര ഗവ. ആശുപത്രിയിൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് ഡയാലിസി​സ് നടത്തുന്നത്. ഇപ്പോൾ ഹൃദ്രോഗിയായ മകളുടെയും മേസ്തിരിപ്പണിക്കാരനായ മരുമകന്റെയും പരിചരണത്തിൽ ആകെയുള്ള അഞ്ച് സെന്റ് വസ്തുവിലെ ഷീറ്റ് മേൽക്കൂരയായുള്ള രണ്ടുമുറികളും അടുക്കളയുമുള്ള വീട്ടിലാണ് കഴിയുന്നത്. ജനാർദ്ദനന്റെ പേരിൽ പഞ്ചായത്തംഗം കൺവീനറായുള്ള ചികിത്സാ നിധി രൂപീകരിച്ചു. ജനാർദ്ദന്റെ പേരിൽ കോർപ്പറേഷൻ ബാങ്ക് ചെറുകോൽ ശാഖയിൽ 039100101009591 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നു. ഐ എഫ് എസ് സി കോഡ് സി ഒ ആർ പി. 0000391. ഫോൺ. 9656801734.