ആലപ്പുഴ: നെഹ്രു ട്രോഫി പിറന്ന ആദ്യമത്സരത്തിലെ ആവേശജയം കഴിഞ്ഞ് നീണ്ട അറുപത്തിയേഴ് വർഷത്തെ കാത്തിരിപ്പ്. പിന്നീടുള്ള എല്ലാ മത്സരങ്ങളിലും തുഴയെറിഞ്ഞ് വിജയംപിടിക്കാനിറങ്ങിയ നടുഭാഗത്തിന് ഇന്നലത്തെ പോരാട്ടം വെറുതെയായില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മുഖ്യാതിഥിയായി എത്തിയ വള്ളംകളി മത്സരത്തിൽ നായകനായി നടുഭാഗം ഫിനിഷിംഗ് പോയിന്റ് തൊട്ടപ്പോൾ കരയിൽ ആർപ്പുവിളിയുടെ ആഘോഷമേളം. 1952 ൽ ആദ്യ നെഹ്രു ട്രോഫിയിൽ മുത്തമിട്ട നടുഭാഗത്തിന് വള്ളംകളിയുടെ അറുപത്തിയേഴാം പതിപ്പിൽ വീണ്ടും ജലരാജ കിരീടം.

പള്ളാത്തുരുത്തി ബോട്ട് ക്ളബ്ബാണ് ഇത്തവണ നടുഭാഗം ചുണ്ടൻ തുഴഞ്ഞത്. രണ്ടാം സ്ഥാനം യു.ബി.സി കൈനകരി തുഴഞ്ഞ ചമ്പക്കുളവും മൂന്നാം സ്ഥാനം പൊലീസ് ബോട്ട് ക്ളബ് തുഴഞ്ഞ കാരിച്ചാലും നേടി. കുമരകം എൻ.ഡി.ഡി.സി ക്ളബ് തുഴഞ്ഞ ദേവസ് നാലാം സ്ഥാനം നേടി.

കായലോരത്ത് തുള്ളിനിന്ന പതിനായിരങ്ങൾ പകർന്ന ആവേശത്തിന്റെ ആയത്തിൽ കുതിച്ച നടുഭാഗം 4.25.83 സമയംകൊണ്ടാണ് ചരിത്രമെഴുതിയത്. വള്ളംകളിയെ ദേശീയതലത്തിലേക്ക് ഉയർത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൻെറ പ്രഥമ മത്സരം കൂടിയാണ് ഇന്നലെ നടന്നത്. ആദ്യ മത്സരവിജയി തന്നെ ചാമ്പ്യൻസ് ബോട്ട് ലീഗിലും ആദ്യ വിജയിയായത് നടുഭാഗം നുകർന്ന ഇരട്ടിമധുരം. ചമ്പക്കുളം തുണ്ടൻ 4.28.40 സമയത്തിലും, കാരിച്ചാൽ 4.29.84-നും ഫിനിഷ് ചെയ്തു. ചുണ്ടൻവള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബിൻെറ പായിപ്പാടൻ ഒന്നാമതും പുന്നമട ബോട്ട് ക്ലബ്ബിൻെറ ആയാപറമ്പ് പാണ്ടി രണ്ടാമതുമെത്തി. എടത്വ വില്ലേജ് ബോട്ട് ക്ലബ്ബിൻെറ ഗബ്രിയേൽ ആണ് മൂന്നാമത്. വേമ്പനാട് ബോട്ട് ക്ലബ്ബിൻെറ വീയപുരത്തിന് നാലാം സ്ഥാനം.

സെക്കൻഡ് ലൂസേഴ്സ് ഫൈനലിൽ കുമരകം കെ.ബി.സി ആൻഡ് എസ്.എഫ്.ബി.സി കൊല്ലം തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ, മങ്കൊമ്പ് ഫൗണ്ടേഴ്സ് അക്കാദമി ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെന്റ് പയസ് ടെൻത്, എടത്വാ ബ്രദേഴ്സ് ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോർജ്, ആർപ്പൂക്കര നവജീവൻ ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരി എന്നിവ യഥാക്രമം ആദ്യ നാലു സ്ഥാനങ്ങളിലെത്തി. മൂന്നാം ലൂസേഴ്സ് ഫൈനൽ വിജയികൾ: ആലപ്പുഴ സിവിൽ സർവീസ് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് വലിയ ദിവാൻ, ന്യൂ ചെറുതന ബോട്ട് ക്ലബ്ബിന്റെ ചെറുതന, വി.ബി.സി ബോട്ട് ക്ലബ്ബിൻെറ മഹാദേവൻ, ചേന്നങ്കരി ലൂർദ് മാതാ ബോട്ട് ക്ലബ്ബിൻെറ ശ്രീഗണേശൻ

മുഖ്യമന്ത്രി പിണറായി വിജയൻ ചാമ്പ്യൻസ് ബോട്ട് ലീഗും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നെഹ്റുട്രോഫി വള്ളംകളിയും ഉദ്ഘാടനം ചെയ്തു. മന്ത്രി തോമസ് എെസക് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ട്രോഫികൾ സമ്മാനിച്ചു.