ആലപ്പുഴ: പ്രളയത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടും അതിനെയെല്ലാം അതിജീവിച്ച ആലപ്പുഴക്കാർ കാട്ടുന്ന മനക്കരുത്തിന്റെ തെളിവാണ് വള്ളംകളിയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു. നെഹ്റുട്രോഫി ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് വെല്ലുവിളികളെ അഭിമുഖീകരിച്ചതാണ് കേരളം. കഴിഞ്ഞ വർഷം പ്രളയമുണ്ടായി. ഈ വർഷം വീണ്ടും സമാന രീതിയുണ്ടായി. ഇരുപത് ദിവസം മുമ്പ് നടത്തേണ്ടിയിരുന്ന മത്സരം വീണ്ടും നടത്തുമ്പോൾ അത് ആത്മക്കരുത്തിന്റെ പ്രതിഫലനമാണ്. പ്രതിസന്ധികളെ മറികടന്ന് കഠിന പരിശ്രമത്തിലൂടെ സന്തോഷം കൈവരിക്കാനാകണം. അതിനായി നിരന്തര പരിശ്രമം കായികരംഗത്ത് അനിവാര്യമാണ്. അത്തരം പരിശീലനം നേടിയവരാണ് വള്ളംകളിയിൽ അണിനിരക്കുന്നത്. അത് അഭിമാനകരമാണ്.
വിവിധ തരത്തിലുള്ള രൂപമാറ്റങ്ങളിലൂടെ അനുദിനം കായിക ലോകം മുന്നേറുകയാണ്. സ്ത്രീകൾ ഉൾപ്പടെ വള്ളങ്ങളിൽ തുഴച്ചിൽകാരായെത്തി മത്സരത്തിൽ മാറ്റുരയ്ക്കുന്നത് വളരെ അഭിമാനകരമാണ്. കാലാകാലങ്ങളായി നിലനിന്നു വരുന്ന സംസ്‌കാരവും പഴമയുമാണ് വള്ളംകളിയെ വ്യത്യസ്തമാക്കുന്നത്. ഐക്യത്തോടെയുള്ള ഇത്തരം മത്സരങ്ങൾ ജനമനസുകളിലും ഐക്യം ഉണർത്തും.
കേരളത്തിലെത്തുമ്പോഴൊക്കെ ഊഷ്മളമായ വരവേല്പാണ് ലഭിക്കുന്നതെന്ന്, ഇരു കൈകളുമില്ലാത്ത പ്രണവ് എന്ന കുട്ടി കാലുകൾ കൊണ്ട് വരച്ചു നൽകിയ തന്റെ രേഖാചിത്രം ഉയർത്തികാട്ടി സച്ചിൻ പറഞ്ഞു.
ശുചീകരണവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ കരയെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നത്. രാജ്യത്തെ ജലസ്രോതസുകളെ മലിനമാക്കാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കേരളത്തിലെ നദികളും പുഴകളും കാണുമ്പോൾ താൻ അഭിമാനിക്കാറുണ്ടെന്നും സച്ചിൻ പറഞ്ഞു. 'നമസ്കാരം കേരള" എന്ന് പറഞ്ഞ് തുടങ്ങിയ പ്രസംഗം അവസാനിപ്പിച്ചത് 'നന്ദി നമസ്കാരം" പറഞ്ഞുകൊണ്ടായിരുന്നു.