വിചാരണ തീർക്കാൻ 45 ദിവസം പെൺകുട്ടിക്കും കുടുംബത്തിനും സി.ആർ.പി.എഫ് സുരക്ഷ
ന്യൂഡൽഹി:ബി. ജെ. പി എം. എൽ.എ കുൽദീപ് സിംഗ് സെൻഗർ മുഖ്യപ്രതിയായ ഉന്നാവോ കൂട്ടമാനഭംഗ, വധശ്രമക്കേസുകളിൽ ശക്തമായി ഇടപെട്ട സുപ്രീംകോടതി, ബന്ധപ്പെട്ട അഞ്ച് കേസുകളുടെയും വിചാരണ ലക്നൗ സി. ബി. ഐ കോടതിയിൽ നിന്ന് ഡൽഹി തീസ്ഹസാരി കോടതിയിലേക്ക് മാറ്റി. ജില്ലാ ജഡ്ജി ധർമേശ് ശർമ്മയെ വിചാരണകോടതി ജഡ്ജിയായും നിയമിച്ചു.
എല്ലാ കേസുകളും ദൈനംദിനാടിസ്ഥാനത്തിൽ വാദം കേട്ട് 45 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ഉത്തർപ്രദേശ് സർക്കാർ നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഈ തുകയുടെ ചെക്ക് ഇന്നലെ തന്നെ പെൺകുട്ടിയുടെ അമ്മയ്ക്ക് െെകമാറി. പെൺകുട്ടിക്കും കുടുംബത്തിനും അഭിഭാഷകനും സി.ആർ.പി.എഫ് സുരക്ഷ നൽകണമെന്നും കോടതി നിർദ്ദേശിച്ചു
പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സി.ബി.ഐ അന്വേഷണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയായില്ലെങ്കിൽ പരമാവധി ഒരാഴ്ച കൂടി എടുക്കാം. കാറപകടം അന്വേഷിക്കാൻ ഒരുമാസം ചോദിച്ചെങ്കിലും അനുവദിക്കാത്ത കോടതി, ഈ കേസിന്റെ വിചാരണയും ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റാമെന്ന് പറഞ്ഞു.
ലക്നൗ കിംഗ് ജോർജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന പെൺകുട്ടിയെയും അഭിഭാഷകനെയും കുടുംബം ആവശ്യപ്പെട്ടാൽ വിമാനത്തിൽ ഡൽഹിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.പെൺകുട്ടിയും കുടുംബവും അയച്ച കത്ത് പരിഗണിച്ച് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി നിർണായകമായ നടപടികൾ സ്വീകരിച്ചത്.പെൺകുട്ടിയും കുടുംബവും അയച്ച കത്ത് ചീഫ്ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വൈകിയതിൽ രജിസ്ട്രി ഉദ്യോഗസ്ഥർക്ക ് വീഴ്ചയുണ്ടായോയെന്ന് സെക്രട്ടറി ജനറൽ ഏഴുദിവസത്തിനകം അന്വേഷിക്കണം. സിറ്റിംഗ് സുപ്രീംകോടതി ജഡ്ജി തന്നെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ, ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ചീഫ്ജസ്റ്റിസ് ചോദിച്ചു.
ഉച്ചയ്ക്ക് 12 മണിയോടെ കേസിന്റെ മുഴുവൻ വിവരങ്ങളും കോടതിയെ ധരിപ്പിക്കാൻ സി.ബി.ഐ ഉദ്യോഗസ്ഥനോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരാരും ഡൽഹിയിലില്ലെന്ന് അറിയിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത നാളത്തേക്ക് കേസ് മാറ്റണമെന്ന ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. സി.ബി.ഐ ഉദ്യോഗസ്ഥൻ ഹാജരായേ പറ്റൂ എന്നും കോടതി വ്യക്തമാക്കി. തുടർന്ന് സി.ബി.ഐ ജോയിന്റ് ഡയറക്ടർ സമ്പത്ത് മീണ ഹാജരായി.
അഞ്ചുകേസുകൾ
1. ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗർ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്.
2. ഒരാഴ്ചയ്ക്ക് ശേഷം മറ്റുപ്രതികൾ പെൺകുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസ്
3. ആയുധം കൈവശം വ ച്ചെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവിനെതിരെ എടുത്ത കേസ് ( അറസ്റ്രിലായ പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു)
4. കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് ഭർത്താവ് മരിച്ചതെന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ കേസ്.
5. കാറിൽ ട്രക്ക് ഇടിച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസ്
പ്രതികൾക്ക് അപ്പീൽ നൽകാം
പ്രതിഭാഗത്തെ കേൾക്കാതെ ഉത്തരവിറക്കിയത് അടിയന്തരസാഹചര്യം കൊണ്ടാണെന്നും കുറ്റാരോപിതർക്ക് ഉത്തരവിനെതിരെ കോടതിയെ സമീപിക്കാമെന്നും ചീഫ്ജസ്റ്റിസ് വ്യക്തമാക്കി.
.