ന്യൂഡൽഹി: ഡോക്ടർമാർ രാജ്യവ്യാപക പ്രതിഷേധം നടത്തുന്നതിനിടെ, മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ വമ്പൻ പരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്ന ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിന് പാർലമെന്റ് അംഗീകാരം നൽകി. ശബ്ദവോട്ടോടെയാണ് ഇന്നലെ രാജ്യസഭ കേന്ദ്രസർക്കാരിൻറെ സുപ്രധാന ബില്ല് പാസാക്കിയത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ 61 നെതിരെ 106 വോട്ടിന് തള്ളി. ബില്ല് മുറിവൈദ്യത്തെയോ വ്യാജ ചികിത്സയേയോ പ്രോത്സാഹിപ്പിക്കുന്നതല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ വ്യക്തമാക്കി. രൂക്ഷമായ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ മറുപടി. ഡോക്ടർമാർ ഉയർത്തിയ ആശങ്കകൾ പരിശോധിക്കും. 25 അംഗ ദേശീയ മെഡിക്കൽ കമ്മിഷനിൽ 21 പേരും ഡോക്ടർമാരായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നാഷണൽ മെഡിക്കൽ കമ്മിഷൻ കേന്ദ്ര സർക്കാരിന്റെ കളിപ്പാവയായി മാറുമെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡോ.ശാന്തനു സെൻ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇംഗ്ലണ്ടിൽ പോയപ്പോൾ ഇന്ത്യയിലെ ഡോക്ടർമാരെ വളരെ മോശമായാണ് അവതരിപ്പിച്ചതെന്നും ഈ സർക്കാരിൽ നിന്ന് കൂടുതലായി എന്താണ് പ്രതീക്ഷിക്കാനുള്ളതെന്നും സെൻ പറഞ്ഞു. പ്രധാനമന്ത്രിയെക്കുറിച്ച് തൃണമൂൽ എം.പി മോശം പരാമർശം നടത്തിയെന്നും പിൻവലിക്കണമെന്നും വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. പ്രതിപക്ഷം ഒന്നടങ്കം എം.പിയെ പിന്തുണച്ചതോടെ സഭയിൽ ബഹളമായി. എം.പിയുടെ പരാമർശം പരിശോധിക്കാമെന്ന് ഉപാദ്ധ്യക്ഷൻ ഉറപ്പ് നൽകിയതോടെയാണ് ശാന്തമായത്.
പ്രധാന വ്യവസ്ഥകൾ
.............................
.
1956ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിന് പകരമായാണ് ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ല്
മെഡിക്കൽ കോഴ്സുകളുടെ ഫീസ്, സീറ്റുകളുടെ എണ്ണം എന്നിവയിലടക്കം വിപുലാധികാരങ്ങളുള്ള ദേശീയ മെഡിക്കൽ കമ്മിഷൻ
കമ്മിഷനിൽ 25 അംഗങ്ങൾ. 21 പേർ ഡോക്ടമാർ. മൂന്നുപേർ ആരോഗ്യമേഖലയ്ക്ക് പുറത്തുനിന്ന്. ഒരാൾ ആരോഗ്യമന്ത്രാലയത്തിൻറെ പ്രതിനിധി.
എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ ബിരുദാനന്തര ബിരുദത്തിനുള്ള പ്രവേശനപരീക്ഷയായി കണക്കാക്കും. വിദേശത്ത് പഠിച്ച് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നവരും നാഷണൽ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന ഈ പരീക്ഷയെഴുതണം.
റാങ്ക് മെച്ചപ്പെടുത്താൻ നെക്സ്റ്റ് പരീക്ഷ ഒന്നിലധികം തവണ എഴുതാം.
എം.ബി.ബി.എസ് , പി.ജി സീറ്റുകളുടെ എണ്ണം ഉയർത്തും