ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമി - ബാബ്റി മസ്ജിദ് ഭൂമിയെ ചൊല്ലി ഹിന്ദു, മുസ്ലിം കക്ഷികൾ തമ്മിലുള്ള തർക്കം ശാശ്വതമായി പരിഹരിക്കാനുള്ള മദ്ധ്യസ്ഥ ശ്രമം പരാജയപ്പെട്ടതായി സുപ്രീംകോടതി അറിയിച്ചു. തർക്കഭൂമി മൂന്ന് കക്ഷികൾക്ക് തുല്യമായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള കക്ഷികളുടെ അപ്പീലുകളിൽ അന്തിമവാദം ആഗസ്റ്റ് 6ന് ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ഭരണഘടനാബെഞ്ച് വ്യക്തമാക്കി. ദൈനംദിനാടിസ്ഥാനത്തിൽ വാദം കേൾക്കും.
ഹിന്ദുകക്ഷികളായ നിർമോഹി അഖാഡ, രാംലല്ല (രാമന്റെ ബാലപ്രതിഷ്‌ഠ) എന്നിവരുടെ അപ്പീലുകളാണ് ആദ്യം കേൾക്കുക. ആദ്യം അപ്പീൽ നൽകിയത് മുസ്ലിം കക്ഷികളാണെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോർഡിന് വേണ്ടി രാജീവ് ധവാൻ എതിർത്തെങ്കിലും ബെഞ്ച് വഴങ്ങിയില്ല. തുടർന്ന് തന്റെ ഭാഗം വാദിക്കാൻ ഇരുപത് ദിവസം പൂർണമായും വേണമെന്നും തന്റെ വാദങ്ങൾ ചുരുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോക്കാം, ആദ്യം അപ്പീലുകളിൽ വാദം തുടങ്ങട്ടെ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
അയോദ്ധ്യകേസ് 1500 ചതുരശ്രയടി ഭൂമി തർക്കമല്ലെന്നും മദ്ധ്യസ്ഥതയിലൂടെ മുറിവുണക്കാനാണ് ശ്രമമെന്നും വ്യക്തമാക്കി മാർച്ച് എട്ടിനാണ് സുപ്രീംകോടതി മുൻ ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹീം ഖലീഫുള്ള ചെയർമാനും ആത്മീയാചാര്യനും ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകനും പ്രശസ്ത മദ്ധ്യസ്ഥനുമായ ശ്രീറാം പഞ്ചു എന്നിവർ അംഗങ്ങളുമായി മദ്ധ്യസ്ഥസമിതി രൂപീകരിച്ചത്. രാംലല്ലയുൾപ്പെടെ പ്രധാന ഹിന്ദുകക്ഷികളും ഉത്തർപ്രദേശ് സർക്കാരും മദ്ധ്യസ്ഥതയെ എതിർത്തെങ്കിലും സുന്നി വഖഫ് ബോർഡ് അനുകൂലിച്ചു.
എട്ടാഴ്‌ചയാണ് അനുവദിച്ചത്. അയോദ്ധ്യ അടങ്ങുന്ന ഫൈസാബാദിലായിരുന്നു സിറ്റിംഗ്. പിന്നീട് സമിതി അദ്ധ്യക്ഷന്റെ ആവശ്യപ്രകാരം ആഗസ്റ്റ് 15 വരെ നീട്ടി.
മദ്ധ്യസ്ഥ ശ്രമങ്ങളിൽ പുരോഗതി ഇല്ലെന്നും കേസ് എത്രയും വേഗം പരിഗണിച്ച് തീർപ്പുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കക്ഷികളിലൊരാളായ ഗോപാൽസിംഗ് വിശാര നൽകിയ ഹർജി അനുവദിച്ചാണ് ഇപ്പോൾ അന്തിമവാദത്തിലേക്ക് സുപ്രീംകോടതി കടക്കുന്നത്.
ഹർജി പരിഗണിക്കവെ, ജൂലായ് 31 വരെയുള്ള മദ്ധ്യസ്ഥ ശ്രമങ്ങളുടെ റിപ്പോർട്ട് ആഗസ്റ്റ് ഒന്നിന് സമർപ്പിക്കാൻ മദ്ധ്യസ്ഥ സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ചശേഷമാണ് മദ്ധ്യസ്ഥ നടപടികൾക്ക് പരിഹാരത്തിലെത്താൻ കഴിഞ്ഞില്ലെന്നും അപ്പീലുകളിൽ വാദത്തിലേക്ക് കടക്കുകയാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചത്. മദ്ധ്യസ്ഥത അവസാനിച്ചതായി കക്ഷികളെ മദ്ധ്യസ്ഥ സമിതി വ്യാഴാഴ്ച അറിയിച്ചിരുന്നു.
തർക്കമുള്ള 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെയുള്ള 14 അപ്പീലുകളാണ് സുപ്രീംകോടതിയിലുള്ളത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17ന് വിരമിക്കുന്നതിനാൽ അതിന് മുൻപ് വർഷങ്ങൾ നീണ്ട തർക്കത്തിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.