ന്യൂഡൽഹി: വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാൻ വ്യവസ്ഥയുള്ള വിവാദമായ യു.എ.പി.എ(അൺലോഫുൾ ആക്‌ടിവിറ്റീസ് പ്രിവൻഷൻ) നിയമഭേദഗതി ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. ചർച്ചയിൽ എതിർപ്പ് ഉയർത്തിയ കോൺഗ്രസ് മോദി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തതോടെ എൻ.ഡി.എയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ 42 നെതിരെ 147 വോട്ടുകൾക്കാണ് ബില്ല് പാസായത്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം 85നെതിരെ 104 വോട്ടുകൾക്കാണ് തള്ളിയത്.
ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി അവതരിപ്പിച്ച ഭേദഗതി നിർദ്ദേശം ശബ്ദവോട്ടോടെ പാസായി.
ഫെഡറൽ അധികാരങ്ങളെ ലംഘിക്കുന്നുവെന്ന് എന്നാരോപിച്ച് വാക്കൗട്ട് നടത്തിയ കോൺഗ്രസ് അംഗങ്ങളുടെ അസാന്നിധ്യത്തിൽ എട്ടിനെതിരെ 287 വോട്ടുകൾക്കാണ് ബിൽ ലോക്സഭ പാസാക്കിയത്. എ.കെ ആന്റണിയും വയലാർ രവിയും അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സർക്കാരിന് അനുകൂലമായി വോട്ടുചെയ്തു. ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും ഡി.എം.കെ.യും എസ്.പിയും മുസ്‌ലിംലീഗും എതിർത്ത് വോട്ടു ചെയ്തു. അന്വേഷണ ഏജൻസികൾക്ക് അമിതാധികാരം നൽകുന്നത് ദുരുപയോഗത്തിന് വഴിവയ്ക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയെങ്കിലും കർശനമായ ഭീകര വിരുദ്ധ നിയമം വേണമെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയായിരുന്നു. ബില്ലിലെ ഒട്ടു മിക്ക വ്യവസ്ഥകളെയും കോൺഗ്രസ് അനുകൂലിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരം പറഞ്ഞു. വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്നതുൾപ്പടെയുള്ള വ്യവസ്ഥകളിലാണ് വിശദീകരണം വേണ്ടതെന്നും പറഞ്ഞു.നിയമം ഒരിക്കലും ദുരുപയോഗം ചെയ്യപ്പെടില്ലെന്നും എങ്ങനെയൊണ് ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കേണ്ടത് എന്നതിന് കൃത്യവും വ്യക്തവുമായ നടപടിക്രമങ്ങൾ ഉണ്ടെന്നും അമിത്ഷാ മറുപടി നൽകി.
സുപ്രധാന വ്യവസ്ഥകൾ
സംഘടനകളെ മാത്രമല്ല, തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ മറ്റേതെങ്കിലും വിധത്തിൽ സഹായിക്കുകയോ ചെയ്യുന്ന വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാം.
ഭീകരപ്രവർത്തന കേസുകൾ ഡിവൈ. എസ്.പി അല്ലെങ്കിൽ അസി.കമ്മിഷണർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷിക്കാം. ദേശീയ അന്വേഷണ ഏജൻസിയിലെ(എൻ.ഐ.എ) സബ് ഇൻസ്‌പെക്‌ടറിൽ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്കും കേസ് അന്വേഷണത്തിന് അധികാരം.
ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടെടുക്കാൻ ഡി.ജി.പിയുടെ അനുമതി വേണം. എൻ.എെ.എയുടെ അന്വേഷണത്തിൽ അനുമതി നൽകേണ്ടത് എൻ. ഐ.എ ഡയറക്‌ടർ ജനറൽ
ഭീകരപ്രവർത്തനത്തിൽ പങ്കുള്ളതോ, തയ്യാറെടുക്കുന്നതോ, പ്രോത്‌സാഹിപ്പിക്കുന്നതോ ആയ സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് അധികാരം.