congress

ന്യൂഡൽഹി: ഭീകരവാദം ഏറ്റവും കൂടുതലുണ്ടായ കാലത്തുപോലും അമർനാഥ് യാത്ര തടഞ്ഞിട്ടില്ലെന്നും ജമ്മുകാശ്മീരിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. തീർത്ഥാടകരും വിനോദസഞ്ചാരികളും കാശ്മീർ വിടണമെന്ന നിർദ്ദേശം രാജ്യത്തെയും ജമ്മുകാശ്മീരിലെയും ജനങ്ങളെ ഭീതിയിലാക്കിയെന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. നിർദ്ദേശം അസാധാരണമാണ്. ആയരിക്കണക്കിന് പേരെയാണ് ബാധിച്ചത്. ഒരു സർക്കാരും വിനോദസഞ്ചാരികളോട് മടങ്ങിപോകാൻ ആവശ്യപ്പെട്ടിട്ടില്ല. സർക്കാർ വിദ്യാർത്ഥികളെ വരെ ഒഴിപ്പിക്കുകയാണ്.

മുൻ സർക്കാരുകളുടെ കാലത്തും ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെപോലുള്ല ഒരു ഉത്തരവ് ഇതിന് മുൻപുണ്ടായിട്ടില്ല. കാശ്മീരിൽ നടക്കുന്ന സംഭവങ്ങളിൽ ഉത്കണ്ഠയുണ്ട്. കൂടുതൽ സേനയെ വിന്യസിച്ചത് അസ്വസ്ഥകരമാണ്.

കാശ്മീരിൽ വിദ്വേഷം വളർത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും എന്തിനാണ് കൂടുതൽ അർദ്ധ സൈനികരെ വിന്യസിച്ചതെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ എന്തോ തെറ്റായ നടപടിക്കൊരുങ്ങുകയാണെന്ന് പി. ചിദംബരം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ്മ, അംബികാ സോണി, കരൺസിംഗ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.