ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നുണ്ടായ നേതൃപ്രതിസന്ധിക്കിടെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ആഗസ്റ്റ് 10ന് ചേരും. ഇന്നലെ ട്വിറ്ററിലൂടെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് ആസ്ഥാനത്ത് രാവിലെ 11നാണ് യോഗം.
പുതിയ അദ്ധ്യക്ഷനെ കണ്ടെത്തലാണ് പ്രവർത്തകസമിതിയുടെ വെല്ലുവിളി. തത്കാലം വർക്കിംഗ് പ്രസിഡൻറിനെ നിയമിക്കാനും പിന്നീട് തിരഞ്ഞെടുപ്പിലൂടെ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുമാണ് നീക്കമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അങ്ങനെയെങ്കിൽ പ്രവർത്തകസമിതിയിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായ നേതാക്കളിലൊരാൾ വർക്കിംഗ് പ്രസിഡൻറാകുമെന്നാണ് സൂചന.
രാഹുൽ രാജി പ്രഖ്യാപിച്ചശേഷമുള്ള ആദ്യ പ്രവർത്തകസമിതിയാണിത്.
തോൽവി വിലയിരുത്താൻ മേയ് 25ന് ചേർന്ന പ്രവർത്തകസമിതിയിലാണ് രാഹുൽ രാജി സന്നദ്ധത അറിയിച്ചത്. പ്രവർത്തക സമിതി ഏകകണ്ഠമായി ഇത് തള്ളി, തിരുത്തൽ നടപടികളെടുക്കാൻ പൂർണ ചുമതല രാഹുലിന് നൽകി. രാജിയിൽ ഉറച്ച രാഹുൽ നേതാക്കളെ കാണാൻപോലും വിസമ്മതിച്ചിരുന്നു. ജൂലായ് 3ന് ട്വിറ്ററിലൂടെ രാജിക്കത്ത് പുറത്തുവിടുകയും ചെയ്‌തു.
കർണാടകയിലും ഗോവയിലും കോൺഗ്രസ് എം.എൽ.എമാർ കൂറുമാറി ബി.ജെ.പി പക്ഷത്തേക്ക് പോയതിന് പിന്നാലെ കോൺഗ്രസ് നാഥനില്ലാ കളരിയായെന്ന് ശശിതരൂർ എം.പി തുറന്നടിച്ചിരുന്നു. എത്രയും വേഗം പുതിയ അദ്ധ്യക്ഷനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് യുവ നേതാവ് വരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആവശ്യപ്പെട്ടതിന് പിന്നാലെ ജനറൽസെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരുടെ പേരുകൾ സജീവമായിട്ടുണ്ട്.
ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് അദ്ധ്യക്ഷൻ വേണമെന്ന നിലപാടിലാണ് രാഹുൽ. മുതിർന്ന നേതാക്കളുൾപ്പെടെയുള്ളവർക്ക് ഈ നിർദ്ദേശം സ്വീകാര്യമല്ല. സോണിയ മടങ്ങിവരണമെന്ന് ചിലർക്ക് നിർദ്ദേശമുണ്ട്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അദ്ധ്യക്ഷയാകണമെന്ന ആവശ്യവും ശക്തമാണ്. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ അംഗീകരിക്കാൻ പ്രവർത്തകർക്ക് കഴിയില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ വൈകരുതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.