kashmir

ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആറ് ദശാബ്ദത്തിലേറെയായി നിലനിന്ന കേന്ദ്ര നയം വേണ്ടെന്ന് വച്ചുകൊണ്ട് മോദി സർക്കാർ ചരിത്രപരമായ തീരുമാനം നടപ്പാക്കി.ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മുകാശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി പിൻവലിക്കുകയും പ്രത്യേക പരിരക്ഷ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് രാഷ്ട്രപതി റദ്ദാക്കുകയും ചെയ്തു. സംസ്ഥാനത്തെ ജമ്മുകാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായും വിഭജിച്ചു. ഇനി ഡൽഹി പോലെ നിയമസഭയും മുഖ്യമന്ത്രിയുമുള്ള കേന്ദ്രഭരണപ്രദേശമായി ജമ്മുകാശ്മീർ മാറും. ചണ്ഡിഗഡ് പോലെ നിയമസഭയില്ലാത്ത, ലെഫ്റ്റനന്റ് ഗവർണർക്ക് കീഴിലുള്ള കേന്ദ്രഭരണപ്രദേശമായി ലഡാക്ക് നിലവിൽവരും.

അധിക സേനാവിന്യാസത്തിലൂടെയും നേതാക്കളെ വീട്ടുതടങ്കലിലാക്കിയും കാശ്മീരിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ സൃഷ്ടിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ചേർന്ന അടിയന്തരമന്ത്രിസഭായോഗം നിർണായക തീരുമാനത്തിന് അംഗീകാരം നൽകിയത്.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രമേയത്തിലൂടെ രാവിലെ 11 മണിയോടെ രാജ്യസഭയെ അറിയിച്ചത്.

ജമ്മുകാശ്മീരിലെ പൗരന്മാരുടെ ക്ഷേമത്തിനായി ഭരണഘടനയിൽ മാറ്റം വരുത്താൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന 370 (1) വകുപ്പ് പ്രകാരം പ്രത്യേക പദവി റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാവിലെ വിജ്ഞാപനമിറക്കിയിരുന്നു. ഇൗ ഉത്തരവിന് പാർലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. അതേസമയം പാർലമെന്റിന്റെ അംഗീകാരം ആവശ്യമുള്ള ജമ്മുകാശ്മീരിനെ വിഭജിക്കുന്ന ബില്ല് 61നെതിരെ 125 വോട്ടുകൾക്ക് രാജ്യസഭ പാസാക്കി. ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. പ്രത്യേക പദവി റദ്ദാക്കിയതിനെ അനുകൂലിക്കുന്ന പ്രമേയവും ജമ്മുകാശ്മീർ റിസർവേഷൻ ബില്ലും ശബ്ദവോട്ടോടെയും രാജ്യസഭ പാസാക്കി.

അതിർത്തികടന്നുള്ള തീവ്രവാദത്തെ തുടർന്നുള്ള നിലവിലെ സുരക്ഷാ സാഹചര്യങ്ങളാണ് സംസ്ഥാന പദവി റദ്ദാക്കി കേന്ദ്രഭരണപ്രദേശമാക്കി മാറ്റാനുള്ള തീരുമാനത്തിന് പിന്നിലെന്ന് അമിത് ഷാ, രാജ്യസഭയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ബഹളത്തിനിടെ വിശദീകരിച്ചു.

രാജ്യസഭയിൽ

എതിർത്തവർ

കോൺഗ്രസ്

ഡി.എം.കെ

സി.പി.എം

സി.പി.ഐ

മുസ്ളിംലീഗ്

എസ്.പി

പി.ഡി.പി

കേരളകോൺഗ്രസ് ( എം)

ആർ.ജെ.ഡി

എം.ഡി.എം.കെ

അനുകൂലിച്ചവർ

ബി.ജെ.പി

ബി.ജെ.ഡി

ബി.എസ്.പി

വൈ.എസ്.ആർ

ടി.ആർ.എസ്

ടി.ഡി.പി

ആംആദ്മി

എ.ഡി.എം.കെ

ശിവസേന

ഇറങ്ങിപ്പോയവർ

ജെ.ഡി.യു

തൃണമൂൽ കോൺഗ്രസ്

വിട്ടുനിന്നത്

എൻ.സി.പി

ബി.ജെ.പിയുടെ

ദീർഘകാല

വാഗ്ദാനം

..........................................

കാശ്മീരിന് നൽകുന്ന പ്രത്യേക പദവി റദ്ദാക്കുമെന്ന ബി.ജെ.പിയുടെ ദീർഘകാലമായുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇന്നലെ നടപ്പാക്കിയത്. രാമക്ഷേത്രം, ഏകീകൃത സിവിൽ കോഡ് എന്നിവയാണ് ഇനിയുള്ളത്. പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി 8000ത്തോളം അർദ്ധസൈനികരെക്കൂടി കേന്ദ്രം വിമാനത്തിൽ കാശ്മീരിലേക്ക് അയച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗഭ എന്നിവർ സംസ്ഥാനത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

വന്ന

മാറ്റങ്ങൾ

............................................................

 മറ്റെല്ലാ സംസ്ഥാനങ്ങൾക്കുമെന്നതുപോലെ ഇന്ത്യൻ ഭരണഘടന ജമ്മുകാശ്മീരിനും ബാധകം

 അന്യസംസ്ഥാനക്കാർക്കും അവിടെ സ്ഥലവും സ്വത്തും വാങ്ങാം, സ്ഥിരതാമസമാക്കാം

നിയമസഭയുടെ അംഗീകാരത്തോടെ മാത്രമേ കേന്ദ്രനിയമം നടപ്പാക്കാവൂ എന്ന വ്യവസ്ഥയും നീങ്ങി.

സുപ്രീംകോടതി ഉത്തരവിൽ നിന്ന് പ്രത്യേക പരിരക്ഷ ജമ്മുകാശ്മീരിനുണ്ടായിരുന്നത് നഷ്ടമായി

ഇന്ത്യൻ പതാകയോടൊപ്പം ജമ്മുകാശ്മീരിന് ഇനി പ്രത്യേക പതാക പാടില്ല

പുതിയ കേന്ദ്രഭരണപ്രദേശങ്ങൾ ഇവ

......................................................................

ജമ്മു ആൻഡ് കാശ്മീർ

..................................

101,387 ചതുരശ്ര കിലോമീറ്റർ

ജനസംഖ്യ - 1,25,41,302 (2011 സെൻസസ്)

ലഡാക്

............................

59,196 ചതുരശ്രകിലോമീറ്റർ

ജനസംഖ്യ - 2.74 ലക്ഷം