ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയത് ബി.ജെ.പിയുടെ ആദ്യമുഖമായ ജനസംഘത്തിന്റെ സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്‌നമാണ്. സ്വാതന്ത്ര്യാനന്തരം ജമ്മു കാശ്മീരിന് സ്വയംഭരണാവകാശം നൽകിയതിനെ എതിർത്തും ഹിന്ദു ഭൂരിപക്ഷമേഖലകളായ ലഡാക്കിനെയും ജമ്മുവിനെയും വിഭജിക്കണമെന്നും ആവശ്യപ്പെട്ടും നടത്തിയ പ്രക്ഷോഭത്തിനിടെയാണ് 1953ൽ ശ്രീനഗറിലെ ജയിലിൽ ശ്യാമപ്രസാദ് മുഖർജി അന്തരിച്ചത്. അന്നുമുതൽ ഇങ്ങോട്ട് രാമക്ഷേത്രത്തിനൊപ്പം ബി.ജെ.പിയുടെ രാഷ്‌ട്രീയ അജൻഡകളിൽ പ്രധാനപ്പെട്ട ഇനമായിയിരുന്നു ഇത്.
ജവഹർലാൽ നെഹ്‌റു മന്ത്രിസഭയിൽ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖർജി കേന്ദ്രസർക്കാരിന്റെ ജമ്മുകാശ്‌മീർ നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജിവച്ചത്. ആർ.എസ്.എസ് പിന്തുണയോടെ 1951ൽ ജനസംഘം രൂപീകരിച്ചപ്പോഴും ജമ്മു കാശ്‌മീരിനെ സംബന്ധിച്ച വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. ജമ്മു കാശ്‌മീരിന് പ്രത്യേക ഭരണഘടനയും പതാകയും ഇന്ത്യൻ സേനയ്‌ക്ക് നിയന്ത്രണവും ഉറപ്പാക്കി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും മുഖ്യമന്ത്രി ഷേക്ക് അബ്‌ദുള്ളയും ഉണ്ടാക്കിയ കരാറിനെ അവർ എതിർത്തു.
ഷേക്ക് അബ്‌ദുള്ളയുടെ നീക്കങ്ങൾ തങ്ങളുടെ സ്വത്ത് നഷ്‌ടപ്പെടാൻ ഇടയാക്കുമെന്ന് ഭയന്ന് ജമ്മുവിലെ ഭൂവുടമകളായ ഹിന്ദുക്കൾ ദോഗ്ര രാജവംശത്തിന്റെ അന്നത്തെ പ്രതിനിധിയായിരുന്ന കരൺസിംഗിന് പിന്നിൽ അണിനിരന്നിരുന്നു. ജമ്മുവിലെ ഹിന്ദുക്കളുടെ പിന്തുണയോടെ നടത്തിയ പ്രക്ഷോഭത്തിന് ജനസംഘം പിന്തുണ നൽകി. പ്രേംനാഥ് ദോഗ്ര എന്ന പ്രാദേശിക നേതാവിന്റെ കീഴിൽ 1949ൽ പ്രജാപരിഷത്ത് എന്ന പാർട്ടി ഉദയം കൊണ്ടതും ഹിന്ദുക്കളെ ഏകോപിപ്പിച്ചുകൊണ്ടാണ്.
പ്രജാപരിഷത്ത് ഉയർത്തിയ ജമ്മു കാശ്‌മീരിലെ ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തെ ശ്യാമപ്രസാദ് മുഖർജി ഏറ്റെടുത്ത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ പ്രചാരണം നടത്തി. ജമ്മുവും ലഡാക്കും ഇന്ത്യയ്‌ക്കൊപ്പം ചേർക്കണമെന്ന ആവശ്യമാണ് മുഖർജി അന്നുന്നയിച്ചത്. 1952ൽ ഇതേ ആവശ്യവുമായി പ്രജാപരിഷത്ത് നടത്തിയ പ്രക്ഷോഭം ജമ്മുകാശ്‌മീരിനെ സംഘർഷഭരിതമാക്കി. പ്രജാപരിഷത്ത് സമരത്തെ നെഹ്‌റുവിന്റെ സഹായത്തോടെ ഷേക്ക് അബ്‌ദുള്ള അടിച്ചൊതുക്കി. ഇതിൽ പ്രതിഷേധിച്ച് മുഖർജി ഡൽഹിയിൽ സത്യാഗ്രഹം അടക്കമുള്ള പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. 1953 ഏപ്രിലിൽ 1300ഓളം പ്രതിഷേധക്കാരെ സർക്കാർ ജയിലിലടച്ചു. തുടർന്ന് മുഖർജി ജമ്മുകാശ്മീരിലേക്ക് പ്രതിഷേധ യാത്ര ആരംഭിച്ചത് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കി. ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങിയ മുഖർജിയെ തടയാൻ ഷേക്ക് അബ്‌ദുള്ള എല്ലാ നടപടികളുമെടുത്തു. സർക്കാർ മുന്നറിയിപ്പ് അവഗണിച്ച് പ്രതിഷേധ യാത്രയുമായി നീങ്ങിയ അദ്ദേഹത്തെ മേയ് 11ന് അറസ്‌റ്റ് ചെയ്‌ത് ശ്രീനഗർ ജയിലിലടച്ചു. 1953 ജൂൺ 23ന് ഹൃദയാഘാതത്തെ തുടർന്ന് ശ്യാമപ്രസാദ് മുഖർജി ജയിലിൽ മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി അന്നുമുതൽ ആരോപിക്കുന്നുണ്ട്.
ജനസംഘം ബി.ജെ.പിയായി മുഖംമാറി ദേശീയ തലത്തിൽ വലിയ പാർട്ടിയായി വളർന്നപ്പോഴെല്ലാം ജമ്മുകാശ്‌മീരിനുള്ള പ്രത്യേക പദവിക്കെതിരെ ശബ്‌ദമുയർത്തിയിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോഴും അജൻഡയിൽ ഉണ്ടായിരുന്നെങ്കിലും രണ്ടാം മോദി സർക്കാരിലാണ് ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നം അവർക്ക് സാക്ഷാത്‌കരിക്കാൻ കഴിഞ്ഞത്.