ന്യൂഡൽഹി: ജമ്മു കാശ്മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ, ഉചിതമായ സമയത്ത് സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് രാജ്യസഭയിൽ ജമ്മുകാശ്മീർ പുനസംഘടന ബില്ലിൽ മറുപടി പറയവെ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അതേസമയം, ഇന്ത്യയുടെ ശിരസാണ് ജമ്മുകാശ്മീർ എന്നും ആ ശിരസ് സർക്കാർ തകർത്തുവെന്നും കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് വിമർശിച്ചു.
ജമ്മുകാശ്മീരിനെ ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാക്കും. ആർട്ടിക്കിൾ 370 താത്കാലിക വ്യവസ്ഥയാണ്. ഇത് എത്രകാലം തുടരാൻ പറ്റും. ഭീകരവാദത്തിന്റെ മൂലകാരണം ഈ അനുച്ഛേദമാണ്. ഇതു കാരണം ഒരു വ്യവസായം പോലും ജമ്മു കാശ്മീരിൽ തുടങ്ങാനായില്ല. ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം കാരണം വിനോദസഞ്ചാരം വികസിക്കാതെ പോയി. വിദ്യാഭ്യാസം, ആരോഗ്യം.... ഒന്നും വികസിച്ചില്ല. മൂന്നു കുടുംബങ്ങളുടെ ഭരണം അവിടെ ജനാധിപത്യം പുലരാൻ അനുവദിച്ചില്ല. ഇപ്പോൾ ജമ്മു കാശ്മീർ ഇന്തയുടെ അവിഭാജ്യ ഘടകമായി.
അമിത് ഷാ
ആഭ്യന്തരമന്ത്രി
ഭരണഘടനയെ ബി.ജെ.പി കൊന്നു. മഹാരാജാ ഹരിസിംഗ് ഇന്ത്യയിലർപ്പിച്ച വിശ്വാസം തകർന്നു. ആർട്ടിക്കിൾ 370, 35 എ വകുപ്പുകൾ റദ്ദാക്കുക മാത്രമല്ല സംസ്ഥാനത്തെ വിഭജിച്ചു. ജമ്മു കാശ്മീർ ഇന്ത്യയുടെ ശിരസാണ്. ആ ശിരസ് സർക്കാർ വെട്ടി. സംസ്ഥാനത്തെ കഷണങ്ങളായി മുറിച്ചുമാറ്റി. ഭൂമിശാസ്ത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായി വ്യത്യസ്തത പുലർത്തുന്ന സംസ്ഥാനത്തെ ഒന്നിച്ചുനിറുത്തിയത് 370-ാം അനുച്ഛേദമാണ്. ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്ന്.
ഗുലാംനബി ആസാദ്
കോൺഗ്രസ്
കഴിഞ്ഞ എഴുപതു വർഷമായി രാജ്യം കാത്തിരിക്കുന്നതാണ് നടന്നത്
നിർമ്മല സീതാരാമൻ,
ധനമന്ത്രി
നിങ്ങൾ ഇതിനെ ചരിത്രപരമെന്ന് വിശേഷിപ്പിക്കുന്നു. അത് ചരിത്രം തീരുമാനിക്കട്ടെ -
കപിൽ സിബൽ
കോൺഗ്രസ്
ഇത് മുന്നറിയിപ്പാണ്. ഇന്ന് ജമ്മു കാശ്മീരിനോടു ചെയ്തത് നാളെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും ചെയ്യും.
പി.ചിദംബരം
കോൺഗ്രസ്
ഭരണഘടനയുടെ അരുംകൊലയാണ് നടക്കുന്നത്. ജനാധിപത്യ തത്വങ്ങളും മതനിരപേക്ഷ ഘടനയും വെല്ലുവിളിക്കപ്പെടുകയാണ്.
കെ.കെ രാഗേഷ്
സി.പി.എം